Daily Saints. - 2024

0: October 9 : വാഴ്ത്തപ്പെട്ട കർദ്ദിനാൾ ജോണ്‍ ഹെൻറി ന്യൂമാൻ

ഷാജു പൈലി 04-10-2015 - Sunday

19-മത്തെ നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ പണ്ഡിതനായിരുന്ന ജോണ്‍ ഹെൻറി ന്യൂമാൻ ലണ്ടനിൽ 1801 ലാണ് ജനിച്ചത്. തന്റെ യൌവനത്തിൽ അപാരമായ ആത്മീയാന്വോഷണ ത്വര പ്രകടമാക്കിയ ഇദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു. ക്രമേണ അദ്ദേഹം ഒരു ആംഗ്ലിക്കൻ പുരോഹിതനും, ഓറിയൽ കോളേജിലെ പ്രഗൽഭ അംഗവും, ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവുമായി.

1842-ൽ 'ക്രിസ്ത്യൻ സിദ്ധാന്തങ്ങളുടെ പുരോഗതി' എന്ന തന്റെ ലേഖനമെഴുതി കൊണ്ടിരിക്കെ കത്തോലിക്ക വിശ്വാസത്തിലാകൃഷ്ടനായി. 1845-ൽ അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരുകയും 1847 ജൂണ്‍ 1ന് റോമിൽ വെച്ച് കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യ സ്വീകരണത്തെ തുടർന്ന് പാപ്പാ പിയൂസ് ഒമ്പതാമന്റെ പ്രോത്സാഹനത്തോടെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഇംഗ്ലണ്ടിൽ ഒരു മത പ്രഘോഷണ സംഘം സ്ഥാപിച്ചു. 1852-ൽ അയർലണ്ടിലെ ഡൂബ്ലിനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയുടെ റെക്ടർ നിയമിതനായി. 1854 വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നു. 1879 -ൽ പാപ്പാ ലിയോ പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി നിയമിച്ചു.

1890-ൽ അദ്ദേഹം എഡ്ഗ്ബാസ്റ്റണ്‍ ഒറേറ്ററിയിൽ വച്ചു മരണമടഞ്ഞു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ 1958-ൽ ആരംഭിച്ചു. നട്ടെല്ലിൽ രോഗം ബാധിച്ച ഡീൻ ജാക്ക് സുള്ളിവൻ എന്നയാളുടെ രോഗം ഇദ്ദേഹത്തിന്റെ അത്ഭുതകരമായ മാധ്യസ്ഥം നിമിത്തം ഭേതമായത് ബെനഡിക്ട് പതിനാറാമൻ പാപ്പാ 2009 ജൂലൈയിൽ അംഗീകരിക്കുകയും 2010 സെപ്റ്റംബർ 19ന് ബർമിംഹാമിനടുത്തുള്ള ക്രോഫ്റ്റൻ പാർക്കിൽ വച്ച് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.

പരിഷ്കൃത സമൂഹത്തിന് മുന്നിൽ മതത്തെ വെളിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെപ്പറ്റി മാത്രമല്ല പാവപ്പെട്ടവരോടും, രോഗികളോടും, തടവറകളിൽ കഴിയുന്നവരോടും ഇദ്ദേഹം കാണിച്ച കരുണയും പാപ്പായുടെ പ്രത്യേക ശ്രദ്ധക്ക് കാരണമായി. ഇദ്ദേഹത്തിന്റെ നാമഹേതു തിരുന്നാൾ ഇംഗ്ലണ്ടിലും വെയിൽസിലും ആഘോഷിക്കുന്നു.


Related Articles »