News - 2025
കത്തോലിക്ക വിശ്വാസിയായ ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്റിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു; പ്രതീക്ഷയോടെ ന്യൂസിലന്‍റുകാര്‍
സ്വന്തം ലേഖകന്‍ 08-12-2016 - Thursday
വില്ലിംഗ്ടണ്‍: ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയില്‍ കത്തോലിക്ക വിശ്വാസിയായ ബില്‍ ഇംഗ്ലീഷിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. സഭയുടെ പ്രബോധനങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജീവിതം നയിക്കുന്ന ബില്‍ ഇംഗ്ലീഷ് തന്റെ കത്തോലിക്ക വിശ്വാസം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ബില്‍ ഇംഗ്ലീഷ് ന്യൂസിലാന്റ് ചരിത്രത്തിലെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം.
1961-ല്‍ സൗത്ത്‌ലാന്റ് ടൗണിലെ ഡിപ്ടണിലാണ് ബില്‍ ജനിച്ചത്. 11 സഹോദരങ്ങളുള്ള വലിയ കര്‍ഷക കുടുംബത്തില്‍ ചിട്ടയായ വിശ്വാസ പരിശീലനത്തിലാണ് ബില്ലിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. ഡുണ്‍ഡിന്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സിലും ആംഗ്ലേയ സാഹിത്യത്തിലും ബിരുദം കരസ്ഥമാക്കിയ ബില്‍ ഇംഗ്ലീഷ് തന്റെ മാതാപിതാക്കളുടെ തൊഴില്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ഒരു മികച്ച കര്‍ഷകനായി പേരെടുത്ത അദ്ദേഹം മൂല്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവായി ഉയര്‍ന്നുവന്നു.
1990-ല്‍ ആണ് ബില്‍ ഇംഗ്ലീഷ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്വവര്‍ഗ്ഗവിവാഹം, ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള തന്റെ പ്രതിഷേധം വോട്ടിംഗിലൂടെ രേഖപ്പെടുത്തുവാന്‍ ബില്‍ ഇംഗ്ലീഷ് തയ്യാറായി. തന്റെ അഭിപ്രായം പാര്‍ലമെന്റില്‍ തുറന്നു പറയുവാന്‍ ബില്‍ ഇംഗ്ലീഷ് ഒരിക്കലും മടി കാണിച്ചിരുന്നില്ല. മൂന്നു തവണ ധനമന്ത്രിയായും, ഒരു തവണ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനം ചെയ്യുവാനുള്ള അവസരം ബില്ലിന് ലഭിച്ചു.
2008-ല്‍ 'വീക്കിലി ചലഞ്ച്' എന്ന ക്രൈസ്തവ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഇംഗ്ലീഷ് തന്റെ ക്രൈസ്തവ വിശ്വാസത്തെ തുറന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "പൊതുജീവിതം നയിക്കുന്നവര്‍ ആഴ്ച്ചയില്‍ ഒരുമണിക്കൂറെങ്കിലും ദേവാലയത്തില്‍ പോകുന്നതും, ധ്യാനിക്കുന്നതും ഏറെ ഗുണകരമായിരിക്കും. ഞാന്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ദേവാലയത്തിലേക്ക് പോകാറുണ്ട്".
"അവിടെ ചെല്ലുമ്പോള്‍ കേള്‍ക്കുന്ന കരുണ, ക്ഷമ, പാപബോധം, ആരാധന എന്നീ വാക്കുകള്‍ എന്നെ സ്വാധീക്കാറുണ്ട്. വചനത്തിന് തക്കവണ്ണമാണോ ഞാന്‍ ജീവിക്കുന്നതെന്ന് പരിശോധിക്കുവാന്‍ എന്നെ ഇത് സഹായിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ മനുഷ്യര്‍ക്കായി ഒഴുകിയെത്തിയ ദൈവകാരുണ്യത്തെ ഞാന്‍ ദേവാലയത്തില്‍ ചെല്ലുമ്പോള്‍ കേട്ട് മനസിലാക്കുന്നു". ബില്‍ ഇംഗ്ലീഷ് തുറന്ന്‍ പറഞ്ഞു.
രണ്ടു തവണ ധനകാര്യമന്ത്രിയായി സേവനം ചെയ്തതിന്റെ പരിചയത്തോടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ബില്‍ ഇംഗ്ലീഷിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാപകരമായ നടപടികള്‍ക്കെതിരെ ഭരണതലത്തില്‍ തന്നെ ബില്‍ ഇംഗ്ലീഷ് നിയമങ്ങള്‍ കൊണ്ടുവരുമെന്നും വിശ്വാസ സമൂഹം പ്രതീക്ഷിക്കുന്നു.