News - 2024

കാരിത്താസിനെ സഹായിക്കാന്‍ ലോകസുന്ദരി പിയ അലോന്‍സോ രംഗത്ത്: സമ്മാനമായി ലഭിച്ച വസ്തുക്കള്‍ ലേലം ചെയ്യും

സ്വന്തം ലേഖകന്‍ 15-12-2016 - Thursday

മനില: 2015-ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ പിയ അലോന്‍സോ വേര്‍ട്‌സ്ബാക്ക് തനിക്ക് സമ്മാനമായി ലഭിച്ച വിലകൂടിയ വസ്തുക്കള്‍ ലേലം ചെയ്യുന്നു. കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസിന്റെ മനിലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായിട്ടാണ് വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ ഈ ഫിലിപ്പീന്‍സുകാരി തന്റെ ആഡംബര വസ്തുക്കള്‍ ലേലം ചെയ്യുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേയോട് തനിക്കുള്ള ആദരവ് അറിയിച്ച ശേഷമാണ് ആഡംബര വസ്തുക്കള്‍ ലേലം ചെയ്യുകയാണെന്ന് വേര്‍ട്‌സ്ബാക്ക് പ്രഖ്യാപിച്ചത്.

വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയ മൂന്നാമത്തെ ഫിലിപ്പീന്‍സുകാരിയാണ് വേര്‍ട്‌സ്ബാക്ക്. ആഡംബരവസ്തുക്കളുടെ ലേലത്തിലൂടെ, കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് പണം നല്‍കുമെന്ന അലോന്‍സോ വേര്‍ട്‌സ്ബാക്കിന്റെ പ്രഖ്യാപനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പ്രതികരിച്ചു. വേര്‍ട്‌സ്ബാക്കിന്റെ ഈ തീരുമാനത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്കു സമ്മാനിച്ച ജപമാല വേര്‍ട്‌സ്ബാക്കിന് നല്‍കുവാന്‍ തീരുമാനിച്ചതായും കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ പറഞ്ഞു.

"നാം ഓരോരുത്തരും ഈ ലോകത്തില്‍ ആയിരിക്കുന്നത് ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുക എന്ന ഉത്തരവാദിത്വത്തോടെയാണ്. ആഡംബര വസ്തുക്കള്‍ ലേലം ചെയ്തു പണം ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ള വേര്‍ട്‌സ്ബാക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മാര്‍പാപ്പ എനിക്ക് നല്‍കിയ ജപമാല ഞാന്‍ വേര്‍ട്‌സ്ബാക്കിന് സമ്മാനിക്കും". കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ പറഞ്ഞു. കര്‍ദിനാളിനെ നേരില്‍ കാണുവാന്‍ പിയ അലോന്‍സോ എത്തിയിരുന്നു.

"ദൈവം നമുക്കായി നല്‍കിയിരിക്കുന്ന ദാനങ്ങളെ ഈ ക്രിസ്തുമസിന് മറ്റുള്ളവരുമായി പങ്കിടുവാന്‍ ശ്രമിക്കാം. മറ്റുള്ളവരില്‍ നിന്നും എന്തെങ്കിലും പ്രതിഫലം ലഭിക്കുമെന്നു കരുതി ആര്‍ക്കും ഒരു നന്മയും ചെയ്യരുത്. ഒന്നും തിരികെ പ്രതീക്ഷിക്കാതെ വേണം നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍". പിയ വേര്‍ട്‌സ്ബാക്ക് പറഞ്ഞു. കത്തോലിക്ക സഭയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും അവര്‍ മാധ്യമങ്ങളോട് പങ്കുവച്ചു.

പ്രാഡ, ചാനല്‍, ലൂയിസ് വ്യൂട്ടണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഷൂ, ബാഗ്, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് വിശ്വ സുന്ദരി ലേലത്തിനായി നല്‍കിയിരിക്കുന്നത്. 31,500 യൂറോ ഇതിലൂടെ ശേഖരിക്കുവാന്‍ കഴിയുമെന്നാണ് കാരിത്താസ് മനില കണക്കുകൂട്ടുന്നത്. നഗരത്തിലുള്ള പാവപ്പെട്ട യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പണം ചെലവഴിക്കുവാനാണ് കാരിത്താസ് മനില പദ്ധതിയിട്ടിരിക്കുന്നത്.


Related Articles »