News - 2025

ലാവോസിലെ 17 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക് ഉയര്‍ത്തി

സ്വന്തം ലേഖകന്‍ 21-12-2016 - Wednesday

വിയന്റിയൻ: വിവിധ രാജ്യങ്ങളില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനവുമായി ലാവോസില്‍ എത്തി രക്തസാക്ഷിത്വം വരിച്ച 17പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് സഭ ഉയര്‍ത്തി. വിയന്റിയനിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഒര്‍ളാണ്ടോ ക്യൂവേഡോയാണ് പ്രഖ്യാപന കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സമീപ രാജ്യങ്ങളില്‍ നിന്നും 15 ബിഷപ്പുമാരും, 150-ല്‍ അധികം വൈദികരും പങ്കെടുത്ത ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ ആറായിരത്തില്‍ പരം വിശ്വാസികളും സംബന്ധിച്ചു. 1954-നും 1970-നും മധ്യേ രാജ്യം ഭരിച്ച കമ്യൂണിസ്റ്റ് ഭരണാധികാരികളുടെ കിരാത നടപടികളുടെ ഭാഗമായിട്ടാണ് അനേകര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത്. ഇതില്‍ ഭൂരിഭാഗം പേരും വൈദികരും മിഷ്‌ണറിമാരുമായിരുന്നു.

1949-ല്‍ തിരുപട്ടം സ്വീകരിച്ച ഫാദര്‍ ജോസഫ് താവോ രക്തസാക്ഷിത്വം വഹിച്ച വൈദികരില്‍ ഒരാളാണ്. ലാവോസില്‍ തന്നെ ജനിച്ച ഫാദര്‍ ജോസഫ് താവോ അക്കാലത്ത് തിരുപട്ടം സ്വീകരിച്ച ചുരുക്കം തദ്ദേശീയ വൈദികരില്‍ ഒരാളായിരുന്നു. 1953-ലെ ഈസ്റ്റര്‍ ദിനത്തില്‍ സാംന്യൂവ എന്ന പട്ടണത്തില്‍ നിന്നാണു ഫാദര്‍ ജോസഫ് താവോയെ, ലാവോ ഗ്വറില്ലകള്‍ തടവിലാക്കിയത്. ഒരു വര്‍ഷം തടവറയിലെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാക്കിയ ശേഷം ഫാദര്‍ ജോസഫ് താവോയെ ഭരണകൂടം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. പൗരോഹിത്യം ഉപേക്ഷിക്കുവാന്‍ സാധ്യമല്ലെന്ന് പറഞ്ഞതിനാണ് ഫാദര്‍ ജോസഫ് താവോയെ കൊലപ്പെടുത്തിയത്.

ചൈനയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ പുറപ്പെട്ട ഫ്രഞ്ച് വൈദികനായ ജീന്‍ ബാപ്റ്റിസി മാലോയും ലാവോസില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ചൈനയില്‍ നിന്നും നാടുകടത്തപ്പെട്ട വൈദികന്‍ ലാവോസില്‍ എത്തി ശുശ്രൂഷകള്‍ ചെയ്തു. വിയറ്റ്‌നാമിലേക്ക് 700 മൈല്‍ ദൂരം നിര്‍ബന്ധപൂര്‍വ്വം നടന്നു പോകുവാന്‍ വിധിക്കപ്പെട്ട ഫാദര്‍ ജീന്‍ ബാപ്റ്റിസി പട്ടിണിയും ദാഹവും മൂലമാണ് വീരമൃത്യു പ്രാപിച്ചത്. ഫ്രാന്‍സില്‍ നിന്നും ലാവോസിലേക്ക് എത്തിയ ആറു മിഷ്‌നറിമാരും ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങളില്‍ സേവനം ചെയ്തിരുന്ന ഇറ്റാലിയന്‍ വൈദികന്‍ മരിയോ ബൊര്‍സാഗയും ചൈനീസ് അതിര്‍ത്തി പ്രദേശത്ത് വച്ച് ഭരണകൂടത്തിന്റെ വധശിക്ഷയ്ക്ക് വിധേയനായാണ് രക്തസാക്ഷിത്വം വരിച്ചത്.

ലാവോസില്‍ അറുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ് കണക്കുകള്‍. ബുദ്ധമത രാഷ്ട്രമായ ലാവോസില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ലാവോസിലെ കത്തോലിക്ക സമൂഹം വളരെ ചെറുതാണെങ്കിലും, ഇന്ന് ലോകത്തിന്റെ മധ്യത്തില്‍ ഏറെ മാനിക്കപ്പെട്ടിരിക്കുകയാണെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായി പ്രവര്‍ത്തിച്ച ഫാദര്‍ റോലന്‍ഡ് ജാക്വസ് പറഞ്ഞു.

"മൂന്നു തലമുറകളില്‍ ഉള്‍പ്പെട്ട മിഷ്‌നറിമാരുടെയും വൈദികരുടെ സേവനമാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസത്തെ ഉയര്‍ത്തികൊണ്ടുവന്നത്. തായ്ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്ന ആത്മീയ പിന്‍തുണ ലാവോസിന് വിലപ്പെട്ടതാണ്". ഫാദര്‍ റോലന്‍ഡ് ജാക്വസ് പറഞ്ഞു.


Related Articles »