News - 2025

ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള വിപുലമായ പദ്ധതികളുമായി കത്തോലിക്കാ സഭ

സ്വന്തം ലേഖകന്‍ 29-12-2016 - Thursday

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള വിപുലമായ പദ്ധതികള്‍ അടുത്ത വര്‍ഷത്തെ വലിയ നോമ്പില്‍ നടപ്പിലാക്കുവാന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ തീരുമാനം. കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഫെഡറിക് ഡിസൂസയാണ് ഇതു സംബന്ധിക്കുന്ന തീരുമാനം 'ഏഷ്യാന്യൂസി'നോട് വിശദീകരിച്ചത്. 'സേ യെസ് ടൂ ലൈഫ്, നോ ടൂ ക്യാന്‍സര്‍' എന്നാണ് പദ്ധതിയുടെ ആപ്തവാക്യം.

"ജീവന്റെ സംരക്ഷണത്തിനും പരിപാലനത്തിനും സഭ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടുത്ത വര്‍ഷത്തെ വലിയ നോമ്പിന്റെ സമയത്ത് ക്യാന്‍സറിനെതിരെയുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സഭ തീരുമാനിച്ചിരിക്കുന്നത്. ക്യാന്‍സര്‍ രോഗ ബാധിതര്‍ക്കായി പ്രത്യേക പദ്ധതികള്‍ ഇതിനോട് അനുബന്ധിച്ചു നടത്തും". ഫാദര്‍ ഫെഡറിക് ഡിസൂസ പറഞ്ഞു. ക്യാന്‍സറിനെതിരെയുള്ള ആശാകിരണം പദ്ധതിക്കു കേരളത്തിലാണ് കാരിത്താസ് തുടക്കം കുറിച്ചത്.

2014 മാര്‍ച്ച് എട്ടാം തീയതി ആരംഭിച്ച ആശാകിരണം പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കാരിത്താസ് മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതിയിലേക്ക് സ്‌കൂള്‍ കുട്ടികള്‍, ക്യാന്‍സറിനെ അതീജീവിച്ചവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കലാകാരന്‍മാര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ സേവന സന്നദ്ധരായി കടന്നു വന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായി ആശാകിരണം പദ്ധതി വിവിധ സഹായങ്ങളും, സേവനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കി. കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ച പദ്ധതി, ഇതെ തുടര്‍ന്ന് തമിഴ്‌നാട്ടിലും നടപ്പിലാക്കി.

ഭാരതത്തില്‍ 2.5 മില്യണ്‍ ആളുകള്‍ ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഴു ലക്ഷത്തോളം പുതിയ കേസുകള്‍ ഒരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍ മൂലം രാജ്യത്ത് 5,56,400 പേര്‍ ഒരോ വര്‍ഷവും മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സമൂഹത്തില്‍ ആഴത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗമായ ക്യാന്‍സറിനെതിരെ ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തുകയും, രോഗത്തെ ഫലപ്രദമായി നേരിടുവാനുള്ള പരിശീലനം നല്‍കുകയുമാണ് കാരിത്താസിന്റെ ലക്ഷ്യം.

200-ല്‍ അധികം സംഘടനകളുടെ സഹായത്തോടെയാണ് അടുത്ത വര്‍ഷം ക്യാന്‍സറിനെതിരെയുള്ള പദ്ധതി കാരിത്താസ് നടപ്പിലാക്കുന്നത്. രോഗം മുന്‍കൂട്ടി നിര്‍ണ്ണയിക്കുക, ക്യാന്‍സറിനെ സംബന്ധിച്ചുള്ള ബോധവല്‍കരണം നല്‍കുക, ജീവിത ശൈലിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന രോഗികള്‍ക്ക് സഹായം നല്‍കുക എന്നിവയാണ് കാരിത്താസ് അടുത്ത വര്‍ഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 23,000-ല്‍ അധികം പദ്ധതികളാണ് കാരിത്താസ് ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. 14 ബില്യണ്‍ രൂപയാണ് പദ്ധതികള്‍ക്കായി കാരിത്താസ് ചെലവിട്ടിരിക്കുന്നത്. ദുരന്ത മേഖലയില്‍ സഹായം എത്തിച്ചു നല്‍കുക, പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസ പദ്ധതികളും വികസന പ്രവര്‍ത്തനവും നടത്തുക തുടങ്ങിയവയെല്ലാം കാരിത്താസിന്റെ സേവന മേഖലയില്‍ ഉള്‍പ്പെടുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »