Saturday News

പുതിയ വർഷം ആരംഭിക്കുമ്പോൾ ബൈബിൾ പറയുന്ന 7 കാര്യങ്ങൾ

സ്വന്തം ലേഖകന്‍ 01-01-2024 - Monday

പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള്‍ പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ അനുഭവം. പുതുതായി വാങ്ങിയ വസ്ത്രം ധരിക്കുവാനായി അതിലെ ടാഗ് കീറികളയുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. പുതിയ കാര്യങ്ങളിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കുന്ന എന്തോ ഒരു ഘടകം മനുഷ്യരുടെ ആത്മാവില്‍ ഉണ്ട്. പുതിയ തുടക്കങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. 2023 നമ്മെ സംബന്ധിച്ചിടത്തോളം നിരവധിയായ സംഭവവികാസങ്ങളുടെ കാലഘട്ടമായിരിന്നു, എങ്കിലും വര്‍ഷത്തിന്റെ അവസാനം വരെ നല്ലത് സംഭവിക്കും എന്ന പ്രത്യാശ നമ്മേ ബലപ്പെടുത്തി.

ഇനി 2024. പുതിയവര്‍ഷം നമുക്ക് ഒരു പുതിയ തുടക്കത്തിന്റെ പ്രത്യാശ നല്‍കുന്നു. പുതിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ വിഭാവനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും, നമ്മളെ കുറിച്ചും ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ ഒരു ഇടപെടല്‍ നടത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. 2023-ല്‍ പുതിയ തുടക്കങ്ങള്‍ക്കായി പദ്ധതിയിടുന്നവര്‍ക്ക് വിചിന്തനം നടത്തേണ്ട 7 ബൈബിള്‍ വാക്യങ്ങളാണ് ഇനി നാം ധ്യാനിക്കുക.

1. “സിംഹാസനത്തിൽ ഇരിക്കുന്നവൻ അരുളിചെയ്തു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസ യോഗ്യവും സത്യവുമാണ്” (വെളിപാട് 21:5).

ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷം മുഴുവനും നമ്മുക്ക് ഏറെ സഹനങ്ങളായിരിക്കാം സമ്മാനിച്ചത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിപൂര്‍ണ്ണമായ ഒരു നവീകരണം നടത്തുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിലെ പ്രത്യാശ നഷ്ട്ടപ്പെട്ട വ്യക്തികളാണോ നാം? ആകുലപ്പെടേണ്ട. സകലത്തെയും നവീകരിക്കുന്ന അവിടുന്ന് നമ്മുടെ ജീവിതത്തെയും നവീകരിക്കാന്‍ പോകുന്നു. അതിനായി നാം ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം കര്‍ത്താവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക.

2. “അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനുള്ള ഒരു സ്തോത്ര ഗീതം. പലരും കണ്ട് ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം പ്രാപിക്കുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 40:3).

ദൈവം തന്റെ അജഗണമായ നമ്മുക്ക് പുതിയ സ്തുതി ഗീതങ്ങള്‍ നല്‍കുന്നു. ഈ പുതുവര്‍ഷം മുതല്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍, അവിടുത്തേക്ക് സ്തോത്രഗീതമാലപിക്കുവാന്‍ തയാറാകുമെന്ന് പ്രതിജ്ഞയെടുക്കുക. സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ അവിടുത്തോട് വിധേയത്വം പുലര്‍ത്തി ജീവിക്കാന്‍ നാം തയാറാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ; കര്‍ത്താവ് നമ്മുടെ ജീവിതത്തിന് ആനന്ദം പകരാന്‍ വരുന്നു.

3. “അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും” (എസക്കിയേല്‍ 11:19).

ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍ നമ്മുടെ ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ വര്‍ഷിച്ചിട്ടുണ്ടാകാം. വേദന സമ്മാനിച്ചവരിലും അത് ഏറ്റുവാങ്ങിയ നാം ഓരോരുത്തരിലും ഒരു പുതിയ ചൈതന്യം നിക്ഷേപിക്കാന്‍ 'ജീവിക്കുന്ന ദൈവത്തിന്' കഴിയും. പക്ഷേ അവിടുത്തേക്ക് പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ നാം തയാറാണോ? നമ്മേ വേദനിപ്പിച്ചവരോട് ഹൃദയം തുറന്ന്‍ സ്നേഹിക്കാന്‍ നാം തയാറാണോ? എങ്കില്‍ അനുഗ്രഹത്തിന്റെ വര്‍ഷമാക്കി നമ്മുക്ക് ഈ പുതുവര്‍ഷത്തെ മാറ്റാം.

4. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു, അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19).

വചനത്തില്‍ പറയുന്നത് ഒരുവട്ടം കൂടി ഒന്നു വായിച്ചു നോക്കൂ, "ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും". നമ്മുടെ ജീവിതം എത്ര ദുഃഖഭരിതമാണെങ്കിലും നമ്മുടെ ജീവിത അവസ്ഥകള്‍ എത്ര പ്രശ്നം നിറഞ്ഞതാണെങ്കിലും ഉറപ്പിച്ചോളൂ. കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതം പ്രവര്‍ത്തിക്കും. കാരണം വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കുവാന്‍ കഴിവുള്ള സര്‍വ്വശക്തനാണ് നമ്മുടെ സൃഷ്ട്ടാവ്.

5. “നിങ്ങളുടെ പഴയ ജീവിതരീതികളില്‍ നിന്നും രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍” (എഫേസോസ് 4:22-24).

വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ എത്രയോ അര്‍ത്ഥവത്താണ്. ജനിച്ചപ്പോള്‍ മുതല്‍ ഇന്ന്‍ വരെയുള്ള നമ്മുടെ ജീവിതത്തില്‍ പലതരം ആസക്തികള്‍ക്കും അടിമപ്പെട്ടവരല്ലേ നാം? ഇത്തരം അടിമത്വങ്ങളില്‍ നിന്ന്‍ മോചനം നേടി നമ്മുടെ ജീവിതത്തില്‍ ഒരു നവീകരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലേ? അതിനായി നമ്മുടെ 'പഴയ ജീവിതരീതി' മാറ്റാന്‍ തയാറാകുക. ആസക്തികളുടെ ചെളിയില്‍ കിടന്ന്‍ ഉരുളുന്ന നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയും നീതിയും പടചട്ടകളാക്കിയ പുതിയ മനുഷ്യനെ ധരിക്കുവാന്‍ ഇന്ന്‍ ഈ നിമിഷം തന്നെ പ്രതിജ്ഞയെടുക്കുക. പിന്നീടുള്ള നമ്മുടെ ജീവിതം അവിടുന്ന് നോക്കികൊള്ളും.

6. “ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വ കാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല” (ഏശയ്യാ 65:17).

വേദനകളുടെയും ദുഃഖങ്ങളുടെയും നടുവില്‍ ഉഴലുന്നവരാണോ നാം?. സ്നേഹിതാ നീ വിഷമിക്കേണ്ട, നമ്മുടെ ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രത്യാശയും പകരുവാന്‍ നമ്മുക്കായി പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കാനായി സര്‍വ്വശക്തനായ ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അനുഗ്രഹങ്ങളെ ഏറ്റുവാങ്ങാന്‍ നാം നമ്മേ തന്നെ ഒരുക്കുക.

7. “എന്തെന്നാല്‍ കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാപങ്ങള്‍ 3:22-23).

ഏറെ അര്‍ത്ഥവത്തായ ഒരു വചനമാണ് ഇത്. ഒരു പുതിയ തുടക്കത്തിനായി പുതുവര്‍ഷാരംഭം വരെ നാം കാത്തിരിക്കേണ്ടതില്ല, കാരണം ഒരു പ്രഭാതത്തിലും അവിടുത്തെ കാരുണ്യം പുതിയതാണ്. കര്‍ത്താവിന്റെ അചഞ്ചലമായ സ്നേഹം അനുഭവിച്ചറിയാന്‍ പ്രിയ സഹോദരാ, സഹോദരി നാം തയാറാകുക.

ഈ പുതുവര്‍ഷത്തെ എങ്ങനെ ക്രമീകരിക്കണമെന്ന് നമ്മുക്ക് തന്നെ തീരുമാനിക്കാം. കാരണം ദൈവം നമ്മുക്ക് വ്യക്തിസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നാം ഏത് അവസ്ഥയില്‍ ആയിരിന്നെങ്കിലും നമ്മുടെ ഒരു വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപരന് ആശ്വാസം നല്‍കാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ? എങ്കില്‍ ദൈവം നമ്മുക്ക് നല്‍കിയ വ്യക്തിസ്വാതന്ത്ര്യം ശരിയായ ദിശയിലാണ് നാം വിനിയോഗിക്കുന്നത്.

പുതിയ തുടക്കം വേണമെന്ന്‍ നാം ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തില്‍ വലിയൊരു നവീകരണം ദൈവവും ആഗ്രഹിക്കുന്നുണ്ട്. നാം ഒരു ചുവട് ദൈവ സമക്ഷത്തിലേക്ക് എടുക്കാന്‍ തയാറാണോ? എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നാലു ചുവട് നമ്മുടെ അടുത്തേക്ക് എടുക്കും. പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒന്നോര്‍ക്കുക. മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. അതിനായി ഓരോ ദിവസവും ഒരുങ്ങുക. ദൈവത്തിന് ഇഷ്ട്ടകരമായ രീതിയില്‍ ഈ ലോകജീവിതത്തിലെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ക്രമീകരിക്കുക. അങ്ങനെ ഈ ലോക ജീവിതം ധന്യമാക്കി മരണശേഷം സ്വര്‍ഗ്ഗത്തിലെ സകല ഭൂവാസികളോടും മാലാഖമാരോടും ചേര്‍ന്ന് നിത്യതയില്‍ നമ്മുക്ക് അവിടുത്തെ പാടിസ്തുതിക്കാം.


Related Articles »