India - 2024

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ഉദ്ഘാടനം ചെയ്തു

അമല്‍ സാബു 14-01-2017 - Saturday

കൊച്ചി: സാമൂഹ്യപ്രതിബദ്ധതയും പ്രേഷിത തീക്ഷ്ണതയും നിറഞ്ഞ കര്‍മവഴികളിലൂടെ സീറോ മലബാര്‍ സഭയുടെ സാക്ഷ്യം കൂടുതല്‍ വ്യാപകമാവണമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അപ്പസ്‌തോലിക പൈതൃകത്തിലും ആധ്യാത്മിക പാരമ്പര്യത്തിലും പ്രേഷിതശൈലിയിലും വളര്‍ന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലിയിലെത്തി നില്‍ക്കുമ്പോള്‍, ദൈവത്തിനു നന്ദിയര്‍പ്പിക്കേണ്ട അവസരമാണിതെന്നും കര്‍ദിനാള്‍ പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ഉദ്ഘാടനം സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും ആശയസംപുഷ്ടവുമാകണം. സഭാവബോധത്തിലും കൂട്ടായ്മയിലും വളരുമ്പോള്‍ എല്ലാ മേഖലകളിലും സഭയ്ക്കു കൂടുതല്‍ വളര്‍ച്ചയുണ്ടാകും. സ്വയാധികാര സഭയായുള്ള സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ സമൂഹവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പ്രവാസി സമൂഹങ്ങളെ സഭാകൂട്ടായ്മയോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണം. ഗള്‍ഫിലും മറ്റിടങ്ങളിലും സഭയുടെ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ. തുല്യമഹത്വത്തോടും പരസ്പരമുള്ള ആദരവോടുംകൂടി ഒന്നായി മുന്നേറുന്ന ശൈലി നാം പരിപോഷിപ്പിക്കണം. കുടുംബം, യുവജനം എന്നിവ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ക്കു സഭ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

സിനഡ് സെക്രട്ടറി ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, എസ്എബിഎസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസി പെരുമ്പനാനി, എംഎംബി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബിജു പറയനിലം, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയിലെ മെത്രാന്മാര്‍, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് രജതജൂബിലി ഉദ്ഘാടനം നടന്നത്.


Related Articles »