India - 2025
കാണികള്‍ക്ക് വ്യത്യസ്ഥമായ ദൃശ്യാനുഭവം പകര്‍ന്ന് കൊണ്ട് 'എന്റെ രക്ഷകന്‍' ആദ്യ പ്രദര്‍ശനം നടന്നു
സ്വന്തം ലേഖകന്‍ 21-01-2017 - Saturday
തിരുവനന്തപുരം: യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിര്‍പ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാ ഷോ 'എന്റെ രക്ഷകന്‍ അരങ്ങേറി. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന രണ്ടു മണിക്കൂര്‍ നീണ്ട ബൈബിള്‍ സ്റ്റേജ് ഷോ കാണികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്. നൂറ്റമ്പതോളം കലാകാരന്‍മാരും 50-ല്‍ അധികം പക്ഷി മൃഗാദികളുമാണ് 20 സെന്‍റ് സ്റ്റേജില്‍ അണിനിരന്നത്.
ബിഷപ്പുമാരും വൈദികരും സിസ്റ്റര്‍മാരുമടക്കം നിറഞ്ഞ സദസില്‍ വൈകിട്ട് ഏഴരയോടെയാണ് സ്റ്റേജ് ഷോയുടെ പ്രദര്‍ശനം തുടങ്ങിയത്. ആദ്യഷോയ്ക്കു മുന്‍പ് നിര്‍മ്മാതാക്കളെ ആദരിച്ചു. ബിഷപ്പുമാരായ ഡോ.സൂസപാക്യം, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ ജോര്‍ജ് കോച്ചേരി തുടങ്ങിയവര്‍ നിര്‍മ്മതാക്കള്‍ക്ക് മെമന്‍റോ സമ്മാനിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന പ്രചാരണം ശരിവയ്ക്കുന്നതായിരുന്നു 'എന്റെ രക്ഷ്‌കന്റെ അവതരണം.
ഹേറേദോസിന്റെ വധഭീഷണി ഭയന്ന് ബത്‌ലഹേമില്‍ നിന്നുള്ള പലായനം, യേശുവിനെ പിശാച് പരീക്ഷിക്കുന്നത്, ഓശാന ഘോഷയാത്ര, കുരിശുവഹിച്ചു കൊണ്ടുള്ള യാത്ര എന്നിവയുടെയൊക്കെ അവതരണം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്റ്റേജിനൊപ്പം റാമ്പും ഉപയോഗപ്പെടുത്തിയായിരുന്നു ഷോ അവതരിപ്പിച്ചത്. സ്റ്റേജ്‌ഷോയുടെ രംഗാവിഷ്‌കാരവും സംവിധാനവും സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചപ്പോള്‍ വി. മധുസൂദനന്‍ നായരുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കിയത്. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്രയും മാര്‍ ക്രിസോസ്റ്റം വേള്‍ഡ് പീസ് ഫൗണ്ടേഷനും സൂര്യയുമായി ചേര്‍ന്നാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.