News

20 സെന്‍റ് സ്റ്റേജ്, 150 കലാകാരന്മാര്‍, 50-ല്‍ അധികം പക്ഷിമൃഗാദികള്‍: ചരിത്രം രചിച്ചുള്ള മെഗാ ബൈബിള്‍ ഷോ നാളെ തിരുവനന്തപുരത്ത്

സ്വന്തം ലേഖകന്‍ 19-01-2017 - Thursday

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളെ പ്രമേയമാക്കി നടത്തപ്പെടുന്ന കൂറ്റന്‍ സ്റ്റേജ് ഷോ, 'എന്റെ രക്ഷകന്‍' നാളെ അരങ്ങിലെത്തും. ലൈറ്റ് ആന്റ് സൗണ്ട് സ്റ്റേജ് ഷോകള്‍ ഒരുക്കി പുതിയ തരം കലാസൃഷ്ടിക്ക് മലയാളത്തില്‍ ആരംഭം കുറിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയാണ് പരിപാടിയുടെ സംവിധായകന്‍. 150-ല്‍ പരം കലാകാരന്‍മാര്‍ വേഷമിടുന്ന പരിപാടിയില്‍ 50-ഓളം മൃഗങ്ങളും തല്‍സമയം അരങ്ങിലെത്തും.

തിരുവനന്തപുരത്തെ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെയാണ് പരിപാടി ആദ്യമായി അരങ്ങേറുക. നാളെ നടക്കുന്ന ഷോയില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്ഷണം ലഭിച്ചിട്ടുള്ള ക്രൈസ്തവ സഭകളിലെ അധ്യക്ഷന്‍മാരും, ദൈവശാസ്ത്ര പണ്ഡിതരുമാണ് പങ്കെടുക്കുക. തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസാപാക്യവും, സൂര്യ കൃഷ്ണമൂര്‍ത്തിയും ഷോയുടെ വിവിധ കാര്യങ്ങളെ കുറിച്ച് ബിഷപ്പ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

"150-ല്‍ പരം കലാകാരന്‍മാരും, 50-ല്‍ അധികം പക്ഷിമൃഗാദികളും 'എന്റെ രക്ഷകന്‍' എന്ന ഈ ഷോയുടെ ഭാഗമായി വേദിയില്‍ എത്തും. ഇരുപത് സെന്റ് സ്ഥലത്താണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. ഷോയില്‍ അഭിനയിക്കുന്നവരില്‍ ഭൂരിഭാഗം പേരും അക്രൈസ്തവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരവധി പ്രശ്‌നങ്ങള്‍ നടമാടുന്ന ഒരു സമൂഹത്തിന് ചില സന്ദേശങ്ങളും, നടന്‍മാരുടെ ഈ തെരഞ്ഞെടുപ്പ് തന്നെ നല്‍കുന്നുണ്ട്". ആര്‍ച്ച് ബിഷപ്പ് എം. സൂസാപാക്യം പറഞ്ഞു. ഷോയില്‍ ക്രിസ്തുവായി വേഷമിടുന്ന പ്രതീഷ് എന്ന യുവാവിനെ ആര്‍ച്ച് ബിഷപ്പ് പത്രക്കാര്‍ക്കു വേണ്ടി പ്രത്യേകം പരിചയപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ മെഗാ ഷോയാണ് നാളെ അരങ്ങേറുക. ചങ്ങനാശേരി സര്‍ഗക്ഷേത്ര ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ് മിഷന്റെയും നേതൃത്വത്തിലാണ് സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി 'എന്റെ രക്ഷകന്‍' നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കവി വി. മധുസൂദനന്‍ നായരാണ് എന്റെ രക്ഷകനിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ആന്തരിക അര്‍ത്ഥങ്ങളിലേക്ക് കാണികളുടെ ചിന്തയെ കൂട്ടികൊണ്ടു പോകുകയാണ് ഷോയുടെ മുഖ്യ ഉദ്ദേശമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

"രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷോ കാണികളോട് സംവദിക്കുന്നത് ക്രിസ്തുവിന്റെ പൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചാണ്. ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള യേശുവിന്റെ ജീവിതത്തെ ഷോയിലൂടെ കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിയതാണ് ഷോയിലെ എല്ലാ രംഗങ്ങളും". സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ഒരു മാസം രണ്ടു സ്ഥലങ്ങളിലായി ഷോ നടത്തണമെന്നാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥലത്ത് മൂന്നു ഷോകള്‍ വരെ ഒരു ദിവസം നടത്തുവാനാണ് പദ്ധതി. വരുന്ന രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 വേദികളിലേക്ക് ഷോ എത്തിക്കുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഈ മാസം 21, 22 തീയതികളില്‍ സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കായിട്ടാണ് ഷോ നടത്തപ്പെടുക. അടുത്ത മാസം ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയത്തും എറണാകുളത്തും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലും 'എന്റെ രക്ഷകൻ' അവതരിപ്പിക്കും.


Related Articles »