News - 2025

ബംഗ്ലാദേശിലെ പാഠ്യപദ്ധതിയില്‍ ഇസ്ലാമികവത്ക്കരണം: പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 03-02-2017 - Friday

ധാക്ക: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇസ്ലാമിക വത്ക്കരണം നടത്താനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. ബംഗ്ലാദേശിലെ കത്തോലിക്ക സഭയും പ്രതിഷേധം ഉയര്‍ത്തുന്നവരുടെ കൂടെ അണിചേര്‍ന്നതോടെ സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുള്ളവരുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമായി. പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ പാഠപുസ്തങ്ങളെ കേന്ദ്രീകരിച്ചാണ് ഇസ്ലാം മതത്തിലെ ആശയങ്ങള്‍ പഠിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

മതേതരത്വ രാജ്യമായ ബംഗ്ലാദേശിലെ ബഹുഭൂരിപക്ഷം പൗരന്‍മാരും ഇസ്ലാം മതവിശ്വാസികളാണ്. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒരു മതേതരത്വ രാജ്യത്ത്, ഇസ്ലാം വിശ്വാസം മാത്രം അടിച്ചേല്‍പ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്ന് ന്യൂനപക്ഷങ്ങളും, സ്വതന്ത്ര എഴുത്തുകാരും പറയുന്നു. പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ പാഠ്യപദ്ധതിയിലാണ് ഇസ്ലാം വിശ്വാസത്തെ മനപൂര്‍വ്വം അടിച്ചേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് പ്രൈമറി സ്‌കൂളിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. മുസ്ലീം മതസ്ഥരല്ലാത്തവരുടെ ലേഖനങ്ങളോ, എഴുത്തുകളോ പുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വിവരം ഇതിന് ശേഷമാണ് പുറത്തുവന്നത്. മതേതരത്വ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരുടെ രചനകളും കുട്ടികളുടെ പാഠപുസ്‌കത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരു തരത്തിലുള്ള വിശദീകരണവും നല്‍കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.


Related Articles »