News - 2024

ഓരോ ജീവനും അമൂല്യമാണ്‌, ആരേയും ഉപേക്ഷിക്കരുത്‌: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 06-02-2017 - Monday

വത്തിക്കാന്‍ സിറ്റി: ഓരോ ജീവനും പാവനമാണെന്നും അതിനെ ആരും അവഗണിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്‌ച സെന്‍റ് പീറ്റേഴ്‌സ്‌ ചത്വരത്തില്‍ തടിച്ചു കൂടിയ ആയിരങ്ങളോട്‌ സംസാരിക്കുകയായിരിന്നു അദ്ദേഹം. തന്റെ ശിഷ്യരോട്‌ ലോകത്തിന്റെ ഉപ്പും പ്രകാശവുമാകാന്‍ യേശു പറഞ്ഞ സുവിശേഷ ഭാഗത്തെ ഊന്നിയാണ് അദ്ദേഹം തന്റെ പ്രസംഗം നടത്തിയത്. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാനുള്ള യേശുനാഥന്റെ കല്‍പ്പന എല്ലാ ക്രൈസ്‌തവര്‍ക്കും പ്രചോദനമാണെന്ന്‌ മാര്‍പാപ്പ പറഞ്ഞു.

"ജീവിതം സുന്ദരമാണ്‌ അതിനെ ആദരിക്കുക. ജീവന്‍ ജീവിതമാണ്‌, അതിനായി പോരാടുക" വിശുദ്ധ മദര്‍ തെരേസയുടെ ഈ വാക്കുകളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം ഉദ്ധരിച്ചു. ഓരോ ജീവനും പാവനമാണ്‌. ഗര്‍ഭാവസ്ഥയില്‍ വധഭീഷണി നേരിടുന്ന നിഷ്‌കളങ്കരും നിസ്സഹായരുമായ പൈതങ്ങള്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ജീവിതാവസാനത്തില്‍ എത്തിനില്‍ക്കുന്നവരെ പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിക്കാം. ഇറ്റലിയിലെ ജീവന്റെ ദിനാചരണവുമായി ബന്ധപ്പെടുത്തിയാണ്‌ മാര്‍പ്പാപ്പ ഇത്‌ പറഞ്ഞത്‌.

"നമ്മള്‍ ക്രിസ്‌ത്യാനികള്‍ പ്രവര്‍ത്തിയിലൂടെ യേശുവിന്റെ യഥാര്‍ത്ഥ അനുയായികളാണെന്നു മനസിലാക്കണം. വിശ്വാസത്തിന്റെ പ്രകാശമാകുന്ന സമ്മാനം ലഭിച്ചതിന്‌ ദൈവത്തിനു നന്ദി പറയണം. ഈ പ്രകാശം മറ്റുള്ളവര്‍ കൂടി നല്‍കാനുള്ള കടമയും ഉത്തരവാദിത്വവും നമുക്കുണ്ട്‌. ലോകത്തിനെ രൂപാന്തരപ്പെടുത്തുന്നതും, മുറിവുകള്‍ ഉണക്കുന്നതും മോക്ഷപ്രാപ്‌തിയുമുള്ള സുവിശേഷത്തിന്റെ പ്രകാശം എല്ലാവര്‍ക്കും ആവശ്യമുണ്ട്‌. നല്ല പ്രവര്‍ത്തികളിലൂടെ യേശുവിന്റെ പ്രകാശം പകര്‍ന്ന്‌ നല്‍കാന്‍ യേശു നമ്മേ ക്ഷണിക്കുന്നു".

"നമ്മള്‍ ലോകത്തിന്റെ ഉപ്പാണ്‌. യേശുവിന്റെ വിശ്വാസവും സ്‌നേഹവും നിറഞ്ഞ സവിശഷത ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തെ മലീനസമാക്കുന്ന രോഗാണുക്കളായ സ്വാര്‍ത്ഥതയേയും പരദൂഷണത്തേയും ക്രൈസ്‌തവര്‍ അകറ്റി നിര്‍ത്തണം. ക്രിസ്‌ത്യാനികളുടെ ദൗത്യം തന്നെ ഇതായിരിക്കണം. ഈ രോഗാണുക്കള്‍ സമൂഹങ്ങളുടെ ഘടനയെ തന്നെ നശിപ്പിക്കും". ഫ്രാന്‍സിസ് പാപ്പ ഉദ്ബോധിപ്പിച്ചു.

യേശുവിനും അവിടുത്തെ സുവിശേഷത്തിനും എതിരാകുന്ന ലോകത്തിന്റെ സ്വാധീനങ്ങളില്‍ നിന്നും മുക്തി നേടാനായി ദൈവവചനങ്ങളുടെ ശക്തിയും അരൂപിയും ദിനം പ്രതി നേടേണ്ടതുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.