News - 2024

ജപ്പാന്‍ ജനതയ്ക്കു ഉത്തമ ക്രൈസ്തവസാക്ഷ്യം നല്‍കിയ ജസ്റ്റോ ടക്കയാമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

ഒസാക്ക: തന്റെ ത്യാഗ ജീവിതത്തിലൂടെ ജപ്പാന്‍ ജനതക്ക്‌ ഉത്തമ ക്രൈസ്തവസാക്ഷ്യം നല്‍കിയ, പതിനേഴാം നൂറ്റാണ്ടിലെ രക്തസാക്ഷി 'സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌' എന്നറിയപ്പെടുന്ന ജസ്റ്റോ ടക്കയാമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ജന്മിമാരുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ തയ്യാറാകാതെ ജീവിതം ധന്യമാക്കുകയായിരിന്നു.

വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആജ്ജെലോ അമേട്ടോയാണ്‌ ഇന്നലെ ജസ്‌റ്റോയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ഒസാക്കയില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ദുരിതങ്ങളെയും പീഢനങ്ങളെയും പ്രതിസന്ധികളെയും സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജിവന്‍ വെടിഞ്ഞ ജസ്റ്റോ ടക്കയാമ അസാധാരണ മാതൃകയാണെന്ന്‌ പ്രഖ്യാപന ചടങ്ങില്‍ കര്‍ദ്ദിനാള്‍ അമേട്ടോ പറഞ്ഞു. യേശുവിന്റെ യഥാര്‍ത്ഥ പടയാളിയായിരുന്നു ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍. യുദ്ധസാമഗ്രികള്‍ ഉപയോഗിക്കാന്‍ സമര്‍ത്ഥനായിരുന്നെങ്കിലും വാക്കുകള്‍ കൊണ്ടും മാതൃകാ ജീവിതം കൊണ്ടും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ പടയാളിയായിരുന്നെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ പദവിയിലേക്കു ജസ്‌റ്റോ നടത്തിയ ചുവടുവെപ്പ്‌ ജപ്പാനിലെ സുവിശേഷവല്‍ക്കരണത്തിന്റെ വിത്തിടലാണ്‌. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1552-1615 കാലഘട്ടത്തില്‍ ജീവിച്ച അതുല്യ വ്യക്തിത്വമായിരിന്നു ജസ്റ്റോ ടക്കയാമ ഉക്കോണ്‍. പാശ്ചാത്യ മതമെന്ന ആരോപണം ഉന്നയിച്ച്‌, ജപ്പാനിലെ ക്രൈസ്‌തവര്‍ക്കെതിരെ കടുത്ത പീഢനമുറകള്‍ സ്വീകരിക്കുകയും വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തുകൊണ്ടിരുന്ന കാലത്താണ്‌ അദ്ദേഹം മരണം വരിച്ചത്.

യേശുവിനെ തള്ളി പറയുന്നതിനേക്കാള്‍ നാടുകടത്തപ്പെടുന്നതാണ്‌ അഭികാമ്യമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹവും കുടുബവും 300 ക്രൈസ്‌തവരുമായി ഫിലിപ്പീന്‍സിലെ മനിലയില്‍ അഭയം പ്രാപിച്ചെങ്കിലും 1615 ഫെബ്രുവരി 4ന്‌ മരണം വരിക്കുകയായിരിന്നു.


Related Articles »