News - 2024

ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കരുതെന്നു മൊറോക്കൊ മതകാര്യകമ്മറ്റി

സ്വന്തം ലേഖകന്‍ 10-02-2017 - Friday

കാസബ്ലാങ്ക: ഇസ്ലാമില്‍ നിന്നും മതം മാറി പോകുന്നവര്‍ക്ക്‌ മത കോടതികള്‍ വധശിക്ഷ വിധിക്കരുതെന്ന്‌ മൊറോക്കൊയിലെ ഉന്നത മതകാര്യ കമ്മിറ്റി ഉത്തരവിട്ടു. 2012-ലെ ഉത്തരവിനെ അസാധുവാക്കുന്നതാണ്‌ കമ്മറ്റിയുടെ പുതിയ തീരുമാനം. മത പരിവര്‍ത്തനം രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടാകുന്നതാണെന്നും അതിനെ മതപരമായ വിഷയമായി കണക്കാക്കേണ്ടതില്ലെന്നും കമ്മറ്റി വിലയിരുത്തി. മൊറോക്കൊ രാജാവായ മുഹമ്മദ് ആറാമന്റെ സ്വതന്ത്ര ചിന്തയുടേയും വിശാല വീക്ഷണത്തിന്റേയും ഫലമാണ് പുതിയ തീരുമാനമെന്ന്‍ വത്തിക്കാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫത്‌വ പുറപ്പെടുവിക്കാന്‍ അധികാരമുള്ള ഉന്നത മതകാര്യ കമ്മിറ്റി 2012-ല്‍ പുറത്തിറക്കിയ രേഖയില്‍ മതമാറ്റത്തിനു വിധേയരാകുന്നവര്‍ക്ക്‌ നിയമപ്രകാരം വധശിക്ഷ തന്നെ നല്‍കണമെന്നു പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിയാണ്‌ "പണ്ഡിതരുടെ വഴികള്‍" എന്ന പേരില്‍ പുറത്തിറക്കിയ രേഖയില്‍ മതമാറ്റത്തിന്‌ വധശിക്ഷ ഒഴിവാക്കിയത്‌. പകരം മതപരിവര്‍ത്തനത്തെ രാഷ്ട്രീയമായി കാണണമെന്നും നിര്‍ദ്ദേശിക്കുന്നു.

മതം മാറുന്നവരെ വധിക്കരുതെന്ന സുഫിയന്‍ അല്‍ താവ്രിയുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചാണ് കമ്മറ്റി പ്രബോധന രേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ ഖലീഫയായിരുന്ന അബുബക്കര്‍ അല്‍ സിദ്ധിക്കി മതമാറുന്നവര്‍ക്ക്‌ വധ ശിക്ഷ നല്‍കാനുണ്ടായ കാരണം അദ്ദേഹത്തിന്റെ രാജ്യത്തിനകത്തുള്ള വിഭജനങ്ങള്‍ ഇല്ലാതാക്കാനായിരുന്നുവെന്നും രേഖയില്‍ ചൂണ്ടി കാണിക്കുന്നു. 33.7 മില്യണ്‍ ആളുകള്‍ ജീവിക്കുന്ന മൊറോക്കൊയില്‍ 99%വും ഇസ്ലാം മതവിശ്വാസികളാണ്.


Related Articles »