News - 2024

സാത്താനുമായി സംഭാഷണം അരുത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 11-02-2017 - Saturday

വത്തിക്കാന്‍ സിറ്റി: സാത്താനുമായുള്ള സംഭാഷണങ്ങള്‍ പാപത്തിലേക്കു നയിക്കുമെന്നും അവന്റെ കാപട്യം തിരിച്ചറിയാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്ത മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. ഏദന്‍ തോട്ടത്തില്‍ ഹവ്വ സാത്താനുമായി ഇടപ്പെട്ട വിധവും മരുഭൂമിയിലെ നാല്പത് ദിവസങ്ങള്‍ക്ക് ശേഷം യേശു സാത്താനെ നേരിട്ട രീതിയും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.

ഏദന്‍ തോട്ടത്തില്‍ ഹവ്വായ്ക്കു നല്‍കിയതു പോലെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി മനുഷ്യനെ വഴിതെറ്റിക്കാനും കെണികള്‍ ഒരുക്കാനും സാത്താന്‍ സദാ ശ്രമിക്കുകയാണെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. "നുണകളുടെ പിതാവാണ്‌ സാത്താന്‍. മനുഷ്യരെ കബളിപ്പിക്കുന്നതില്‍ വിദഗ്‌ദനാണെന്ന്‌ അവന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. സാത്താന്‍ തന്റെ സംഭാഷണത്തിലൂടെ പടിപടിയായി മനുഷ്യനെ ദുഷിപ്പിക്കുന്നു. അവന്‍ നിങ്ങളെ പാപത്തിലേക്കു തള്ളി വീഴ്ത്തുന്നു."

"സാത്താന്റെ പ്രലോഭനങ്ങള്‍ എന്തൊക്കെയെന്ന്‌ നമുക്കറിയാം. സമ്പത്ത്‌, അഹംഭാവം, അത്യാഗ്രഹം, അസൂയ തുടങ്ങിയവയെല്ലാം നമ്മളിലുണ്ട്‌. സാത്താന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം, 'എന്നെ സഹായിക്കണമേ കര്‍ത്താവേ, ഞാന്‍ ദുര്‍ബലനാണ്‌. ഞാന്‍ അങ്ങയില്‍ നിന്നും ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്നില്ല'- എന്നു യേശുവിനോട് പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യേണ്ടത്. ഇതുപോലുള്ള പ്രാര്‍ത്ഥനകള്‍ ധീരതയുടെ ലക്ഷണമാണ്". മാര്‍പാപ്പ പറഞ്ഞു.

നമ്മുടെ ബലഹീനതയാല്‍ പിശാചിന്റെ പ്രലോഭനങ്ങളില്‍ വീണു പോയാല്‍, ദൈവത്തോട്‌ മാപ്പപേക്ഷിച്ച്‌ അവിടുത്തെ അനുഗ്രഹം യാചിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.


Related Articles »