News - 2024

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മെഡ്ജുഗോറിയിലേക്ക്

സ്വന്തം ലേഖകന്‍ 13-02-2017 - Monday

വത്തിക്കാന്‍: ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ബോസ്നിയ ഹെര്‍സഗൊവീനയിലുള്ള മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിന് മാര്‍പാപ്പാ പ്രത്യേക പ്രതിനിധിയെ നിയമിച്ചു. പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിനെയാണ് ഫ്രാന്‍സിസ് പാപ്പാ ദൗത്യം ഏല്പിച്ചിരിക്കുന്നത്.

മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തിലെ അജപാലനപരമായ ദൗത്യം, അവിടെയത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ എന്നിവ ആഴത്തില്‍ വിശകലനം ചെയ്യുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഭാവി അജപാലനപദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ് ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിയുടെ ദൗത്യം.

1981 ജൂണ്‍ 24 മുതലാണ് മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദര്‍ശനവേളയില്‍ നല്കപ്പെട്ട നിര്‍ദ്ദേശാനുസരണം “സമാധാന രാജ്ഞി” എന്ന അഭിസംബോധനയിലാണ് മെഡ്ജുഗോറിയില്‍ പരിശുദ്ധ മറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് മെഡ്ജുഗോറിയിലെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത്.


Related Articles »