News

മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഫ്രാന്‍സിസ് മാർപാപ്പായുടെ പച്ചക്കൊടി

സ്വന്തം ലേഖകന്‍ 13-05-2019 - Monday

വത്തിക്കാന്‍ സിറ്റി: 1981 മുതല്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍കൊണ്ട് പ്രസിദ്ധമായ ബോസ്നിയന്‍ ഗ്രാമമായ മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിനു ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വത്തിക്കാന്റെ പ്രസ്താവന പുറത്തുവന്നത്. ഈ അനുമതി മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ ഒദ്യോഗിക സ്ഥിരീകരണമല്ലെന്നും, ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും അന്വോഷണങ്ങളും നടത്തേണ്ടിയിരിക്കുന്നുവെന്നും വത്തിക്കാന്റെ ഔദ്യോഗിക വക്താവായ അലെക്സാണ്ടര്‍ ഗിസോട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനങ്ങൾ നയിക്കുന്നതിന് ഇനിമുതൽ വൈദികർക്ക് അനുവാദമുണ്ടന്നും എന്നാൽ പ്രത്യക്ഷീകരണങ്ങളുടെ ആധികാരിതയെകുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്നും വത്തിക്കാൻ നിർദ്ദേശിച്ചു. ഇവിടത്തെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരുന്നതിനാൽ ഇവിടേക്കു നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ ആശയകുഴപ്പങ്ങള്‍ക്ക് കാരണമാകരുതെന്നും, മെഡ്ജുഗോറിയില്‍ നിന്നുള്ള സമൃദ്ധമായ അനുഗ്രഹഫലങ്ങളുടെ അംഗീകാരവും, ഈ സ്ഥലത്തോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അജപാലകപരമായ പ്രത്യേക ശ്രദ്ധയും കാരണമാണ് ഈ അനുമതിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇവിടത്തെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരികയാണെന്ന കാര്യം തീര്‍ത്ഥാടകര്‍ക്ക് അറിയാമോ എന്നുറപ്പിക്കുന്നതിനായി പോളിഷ് മെത്രാപ്പോലീത്ത ഹെന്റിക് ഹോസറിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘത്തെ മാർപാപ്പ മെഡ്ജുഗോറിയിലേക്ക് അയച്ചു.

പ്രദേശവാസികളായ 6 കുട്ടികള്‍ക്കാണ് 1981-ല്‍ മാതാവ് ദര്‍ശനം നല്‍കിയത്. അന്നുമുതല്‍ ഈ സ്ഥലം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോവര്‍ഷവും ഇവിടം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഇവിടെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. അടുത്ത പ്രാവശ്യം എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന് മാതാവ് തന്നെ തങ്ങള്‍ക്ക് വെളിപ്പെടുത്തിതരുന്നതായി ദര്‍ശനംലഭിച്ചു എന്നവകാശപ്പെടുന്നവര്‍ പറയുന്നു.

എല്ലാ ദൈവികവെളിപാടുകളുടെയും പൂർണ്ണത യേശുക്രിസ്തുവിലാണെന്നും. സത്യദൈവമായ അവിടുന്ന് ചരിത്രത്തിലെ ഒരു വ്യക്തിയായി ഈ ഭൂമിയിൽ ജീവിച്ചുവെന്നും, മരിച്ചു ഉത്ഥാനം ചെയ്ത അവിടുന്ന് വീണ്ടും വരുമെന്നുമുള്ള മാറ്റമില്ലാത്ത സത്യങ്ങളുടെ ഭൂമിയിലെ തെളിവുകളും അടയാളങ്ങളുമാണ് ഓരോ ക്രൈസ്തവ തീർത്ഥാടനകേന്ദ്രങ്ങളും.


Related Articles »