News - 2025
യുദ്ധം ഹൃദയത്തില്‍ ആരംഭിച്ച് ലോകത്തില്‍ അവസാനിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 17-02-2017 - Friday
വത്തിക്കാന്‍ സിറ്റി: യുദ്ധം ഹൃദയത്തില്‍ ആരംഭിച്ച് ലോകത്തിലാണ് അവസാനിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. പക, വെറുപ്പ്, വിദ്വേഷം എന്നിവയുടെ വിത്തുകള്‍ മുളക്കുന്നത് മനസ്സിലാണെങ്കിലും മനസ്സിനു പുറത്ത് യുദ്ധവും കൊലപാതകവും അതിക്രമങ്ങളുമായി ഇവ രൂപാന്തരപ്പെടുമെന്നും മാര്‍പാപ്പ പറഞ്ഞു. കാസ സാന്ത മാര്‍ത്ത ചാപ്പലിലെ പ്രഭാത ദിവ്യബലിക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.
വൈരാഗ്യവും പകയും അത്യാഗ്രഹവും യുദ്ധമായി മാറുന്നതിന്റെ ഫലമായി നിരവധി മനുഷ്യര്‍ ദിനംപ്രതി മരിക്കുന്നു. ഇതെല്ലാം നിരന്തരം പത്രങ്ങളിലും ടെലിവിഷനുകളിലും നാം വായിക്കുകയും കാണുകയുമാണ്. ആശുപത്രിയിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന ബോംബ് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം അനേകം പേര്‍ മരിക്കുന്നു. യുദ്ധവും സംഘര്‍ഷങ്ങളും വരുത്തിവെക്കുന്ന നാശത്തെ പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞു.
ഉല്‍പ്പത്തി പുസ്‌തകത്തിലെ മഹാപ്രളയത്തിനു ശേഷം മഴവില്ലും നോഹിന്റെ പേടകത്തിലേക്ക് പറന്നെത്തിയ പ്രാവും ലോകത്തിന് സമാധാനത്തിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ്. സകലരും ഈ ലോകത്ത് സമാധാനത്തില്‍ ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നതിന്‍റെ പ്രതീകമായിരിന്നു അവ. പ്രളയത്തിനു ശേഷം ദൈവം ആഗ്രഹിച്ചത് സമാധാനമാണ്, എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്നാണ്. പരിശുദ്ധ പിതാവ് തുടര്‍ന്നു.
ഭൂമിയിലെ സഹോദരങ്ങളാണ് നാം. നമ്മുടെ സഹോദരങ്ങളുടെ സൂക്ഷിപ്പുകാര്‍ നാം തന്നെയാണ്. രക്തച്ചൊരിച്ചില്‍ പാപമാണ്. കായേനോടു ദൈവം ചോദിച്ചപോലെ ദൈവം നമ്മോടും കണക്കു ചോദിക്കും. ദൈവത്തിന്റെ നിയമങ്ങള്‍ ശക്തിയുള്ളവയാണ്. നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ദുര്‍ബലം. ദൈവം നമുക്കായി സമാധാനം ഉടമ്പടിചെയ്യുന്നു. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്ത്വമാണ് സമാധാനം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ സമാധാനത്തിന്‍റെ വക്താക്കളാകുവാനുള്ള കൃപ ഓരോ ക്രൈസ്തവ വിശ്വാസികള്‍ക്കും ലഭിക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
