News - 2025
നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം
പ്രവാചകശബ്ദം 18-02-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ആഗോള വിശ്വാസി സമൂഹത്തിന്റെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ. "ഈ ദിവസങ്ങളിൽ, നിങ്ങൾ സ്നേഹത്തോടും പ്രാർത്ഥനയോടും സാമീപ്യത്തോടും കൂടി എന്നോടൊത്തായിരിക്കുന്നതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു" - ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പാപ്പ എക്സില്‍ കുറിച്ചു. ഇതിനിടെ ഫ്രാൻസിസ് പാപ്പയുടെ ചികിത്സയും ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പ കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
പാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പൂർണ്ണമായ വിശ്രമം ആവശ്യമുണ്ടെന്ന മെഡിക്കൽ നിർദ്ദേശപ്രകാരം, ഞായറാഴ്ച ഉച്ചയ്ക്ക് പതിവുള്ള, ത്രികാലജപ പ്രാർത്ഥന, കലാ-സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങളിൽ പ്രാതിനിധ്യം എന്നിവ ഒഴിവാക്കിയിരിന്നു. എന്നാൽ പാപ്പ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചേക്കുമെന്ന പ്രതീക്ഷയിലും പാപ്പയെ ആശുപത്രി ജാലകത്തിലൂടെ കാണാമെന്ന ആഗ്രഹത്താലും, നിരവധി വിശ്വാസികൾ ജെമെല്ലി ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഫ്രാൻസിസ് മാർപാപ്പ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലേക്കുള്ള തൻ്റെ പതിവ് കോളുകൾ മുടക്കിയില്ല. ഗാസ മുനമ്പിലുള്ള തിരുക്കുടുംബദേവാലയത്തിലെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി, അവിടുത്തെ വിശ്വാസികൾ പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിനിടെ പാപ്പായുടെ രോഗശാന്തിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രാർത്ഥനാശംസകൾ പ്രവഹിക്കുകയാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
