News - 2025
ക്രിസ്ത്യന്‍ സന്നദ്ധസംഘടനകളെ ഇന്ത്യയില്‍ നിന്നും നാടുകടത്തുന്നു: നഷ്ടമാകുന്നത് ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം
സ്വന്തം ലേഖകന്‍ 11-03-2017 - Saturday
ന്യൂഡല്‍ഹി: ഭാരതത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കുന്ന ചില ക്രൈസ്തവ സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഈ മാസം 15-ാം തീയതിയോടെ അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ദരിദ്രരായ ഒന്നരലക്ഷത്തോളം വരുന്ന കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.
ക്രിസ്തു മതത്തിലേക്ക് കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ഭാരത സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ പറഞ്ഞു. 25-ല്‍ അധികം രാജ്യങ്ങളില്‍ കംമ്പാഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരതത്തിലെ വിവിധ സംഘടനകള്‍ വഴി കംപാഷന്‍ ഇന്റര്‍നാഷണല്‍ 1,45,000-ല്‍ പരം കുട്ടികള്‍ക്കാണ് സഹായം ചെയ്തു നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാന്‍ സംഘടനയുടെ 589 ജീവനക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഉയരാത്ത ആരോപണമാണ് അടിസ്ഥാനരഹിതമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്.
യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ഉണ്ടായിട്ടും വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം മൂലം ഭക്ഷണവും, വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കേന്ദ്രം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ കുട്ടികളെ മതം മാറ്റുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കംപാഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയന്‍ വക്താവ് ടിം ഹന്ന പറഞ്ഞു.
"ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും നല്‍കുന്ന പണത്തെ സ്വീകരിക്കരുതെന്ന ഉത്തരവ് ഭാരതത്തിലെ ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുകയാണ്. ക്രൈസ്തവ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സംഘടന പ്രവര്‍ത്തിക്കുന്നതെങ്കിലും, ആരെയും മതം മാറ്റുവാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. ഞങ്ങളുടെ ജീവനക്കാര്‍ നേരിട്ടല്ല ഈ പണം സാധുക്കളിലേക്ക് എത്തിക്കുന്നത്".
"ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്ന പ്രാദേശിക നേതാക്കള്‍ വഴിയാണ് ഈ പണം ആവശ്യക്കാരിലേക്ക് എത്തുന്നത്. സാധുക്കളെ ജാതിയോ, മതമോ, ദേശമോ നോക്കാതെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ കല്‍പ്പനയെ ഞങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഭാരത സര്‍ക്കാര്‍ ആരോപിക്കുന്നതു പോലെയുള്ള മതം മാറ്റമല്ല ഞങ്ങളുടെ ലക്ഷ്യം". ടിം ഹന്ന പറഞ്ഞു.
വിദേശ ഫണ്ട് സ്വീകരിക്കുന്ന പതിനായിരത്തില്‍ അധികം സംഘടനകളെയാണ് ഭാരത സര്‍ക്കാര്‍, പണം സ്വീകരിക്കുന്നതില്‍ നിന്നും അടുത്തിടെ വിലക്കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്രം നിശബ്ദത പാലിക്കുകയാണ്. ക്രൈസ്തവ, മുസ്ലീം വിശ്വാസികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ആക്ഷേപവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.