News

ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന വൈദികർക്കു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും: വിവാഹിതനായ ഒരു പുരോഹിതന്റെ അഭിപ്രായം ചർച്ചയാകുന്നു

സ്വന്തം ലേഖകന്‍ 28-03-2017 - Tuesday

കത്തോലിക്കാ സഭയിൽ പുരോഹിതരെ വിവാഹം കഴിക്കാൻ ആനുവദിക്കണമെന്ന ആവശ്യം എല്ലാക്കാലത്തും ഉയർന്നുവന്നിട്ടുള്ള ഒന്നാണ്. 'വിശ്വാസം തെളിയിക്കപ്പെട്ടിട്ടുള്ള വിവാഹിതരായവരേയും പുരോഹിതഗണത്തിലേക്ക് പരിഗണിക്കണമെന്നതിനെകുറിച്ച് പരിശുദ്ധാത്മാവ് എന്താണ് ആവശ്യപ്പെടുന്നതെന്ന് തിരുസഭ ചിന്തിക്കണ'മെന്ന ഫ്രാന്‍സിസ് പാപ്പായുടെ അടുത്തകാലത്തെ അഭിപ്രായവും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ അവസരത്തിലാണ് വിവാഹിതനും കത്തോലിക്കാ പുരോഹിതനുമായ ഫാ. ജോഷ്വ വിറ്റ്ഫീല്‍ഡ് 'ഡള്ളാസ് മോര്‍ണിംഗ് ന്യൂസി'ല്‍ എഴുതിയ ലേഖനം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ചർച്ചചെയ്യപ്പെടുന്നത്.

"പൗരോഹിത്യത്തിന്റെ ‘ആത്മീയ ഫലം’ എന്ന് തിരുസഭ വിളിക്കുന്ന ബ്രഹ്മചര്യം മാറ്റുവാന്‍ കഴിയുന്ന ഒന്നല്ല; ഈ ആധുനിക യുഗത്തില്‍ വളരെയേറെ ദുര്‍ഗ്രാഹ്യമാണെങ്കില്‍ പോലും തിരുസഭയുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രഹ്മചര്യം അത്യാവശ്യമാണ്" അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫാ. ജോഷ്വ വിറ്റ്ഫീല്‍ഡ് വിവാഹിതനാണ്, ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ പൗരോഹിത്യ ജീവിതത്തില്‍ ഒരു വിവാഹിതനെന്നത് കൊണ്ട് തനിക്ക് പല നേട്ടങ്ങളും ഉണ്ടായതായി അദ്ദേഹം പറയുന്നു. ഒരു ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവ് എന്നതുകൊണ്ട് പലരുടേയും അംഗീകാരം പിടിച്ചു പറ്റുവാന്‍ തനിക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "എന്നാല്‍ അതുകൊണ്ട് ഒരു നല്ല പുരോഹിതനാവണമെന്ന് അര്‍ത്ഥമില്ല. ബ്രഹ്മചാരികളായ മറ്റു പുരോഹിതര്‍ തങ്ങളുടെ പ്രേഷിത മേഖലയില്‍ ചെയ്യുന്നത് പോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ എനിക്കു സാധിക്കുന്നില്ല" അദ്ദേഹം മനസ്സു തുറന്നു.

"ഞാൻ ഒരു കത്തോലിക്കനാണെന്നതും, തിരുസഭ വിവാഹിതരെ പുരോഹിതനാക്കിയതിന്റെ പിന്നിലെ ശരിയായ കാരണവുമാണ് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍. കത്തോലിക്കാ വിശ്വാസത്തിലെ സത്യം തിരിച്ചറിഞ്ഞതുകൊണ്ടും, ക്രിസ്തീയതയുടെ പൂര്‍ണ്ണത കത്തോലിക്കാ സഭയിലാണ് ഉള്ളത് എന്ന് മനസ്സിലാക്കിയതുകൊണ്ടുമാണ് ഞാനും ഭാര്യയും കത്തോലിക്കരായത്. ഞങ്ങള്‍ ആ സത്യത്തോട് പ്രതികരിച്ചു. എന്റെ വിശ്വാസമാര്‍ഗ്ഗം ഉപേക്ഷിച്ച് എന്റെ ഭാര്യ ആദ്യകുട്ടിയെ ഉദരത്തില്‍ വഹിക്കുന്ന സമയത്ത് ഞാന്‍ ഒരു കത്തോലിക്കാ പുരോഹിതനായി" അദ്ദേഹം വ്യക്തമാക്കുന്നു.

"ക്രിസ്ത്യാനികള്‍ ഐക്യത്തോടെ ഇരിക്കണമെന്നാണ് കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത്. വിവാഹിതരായ പുരോഹിതര്‍ വിജയിക്കുമോ എന്നറിയുവാനായി വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ‘പരീക്ഷണ വസ്തുക്കളല്ല’ ഞാനും എന്റെ കുടുംബവും. പകരം ഐക്യത്തിന് വേണ്ടിയുള്ള സഭയുടെ ആഗ്രഹത്തിന്റെ സാക്ഷികളാണ് ഞങ്ങള്‍. ജനങ്ങള്‍ ഞങ്ങളെ അങ്ങനെ കാണണമെന്നാണ് വിവാഹിതരായ പുരോഹിതരായ ഞങ്ങളുടെ ആഗ്രഹം".

"ബ്രഹ്മചര്യം എന്ന അച്ചടക്കം പഴയ കാലം മുതലേ ക്രിസ്തീയ സഭ പിന്തുടര്‍ന്നു വരുന്നതാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതലേ സഭയിൽ ഇത് ഒരു നിയമമായി പരിഗണിച്ചു വന്നിരുന്നു. എന്നിരുന്നാലും സഭയുടെ നന്മക്ക് വേണ്ടി ചില ഒഴിവുകഴിവുകള്‍ ചെയ്യാറുണ്ട്. 'ഞാനും ഇതില്‍ ഉള്‍പ്പെടുന്നു' എന്നാല്‍ ഇത്തരം ഒഴിവുകഴിവുകള്‍ സഭയുടെ ഐക്യത്തിന് വേണ്ടിമാത്രമാണ്, കാരണം യേശുവിന്റെ അവസാനത്തെ പ്രാര്‍ത്ഥന തന്റെ ശിക്ഷ്യന്‍മാര്‍ ഒന്നായിരിക്കണമെന്നായിരുന്നു. എന്നാല്‍ സഭയുടെ പുരാതന പാരമ്പര്യങ്ങളെ മാറ്റണം എന്ന് അതിനര്‍ത്ഥമില്ല" അദ്ദേഹം പറയുന്നു

പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ ശക്തരായ വക്താക്കളാണ് ഞങ്ങള്‍ വിവാഹിതരായ വൈദികർ എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടല്ലേ? എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: "പുരോഹിതരുടെ ബ്രഹ്മചര്യത്തിന്റെ കാര്യത്തിൽ തിരുസഭ മാറ്റങ്ങളൊന്നും വരുത്തരുതെന്നാണ് എന്റെ അഭിപ്രായം. അതൊരു നല്ല ആശയമല്ല. വിവാഹിതനായ ഒരു പുരോഹിതനെന്ന നിലയില്‍ യാഥാസ്ഥിതികരായ ചിലര്‍ എന്നെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ എന്നെ കാണുന്നത് സഭയിലെ മാറ്റത്തിന്റെ വക്താക്കളായിട്ടാണ്. ഞങ്ങള്‍ കത്തോലിക്കാ സഭയില്‍ ഒരു നല്ല യുഗം കൊണ്ട് വരും എന്നാണവര്‍ വിചാരിക്കുന്നത്. പക്ഷെ അതൊരു അനുമാനം മാത്രമാണ്". കത്തോലിക്കാ സഭയിലെ വൈദികരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നു വാദിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ് വിവാഹിതനായ ഈ പുരോഹിതന്റെ വാക്കുകൾ.


Related Articles »