News - 2025
വിശുദ്ധവാരത്തിന് ആരംഭം
സ്വന്തം ലേഖകന്‍ 09-04-2017 - Sunday
കൊച്ചി: എളിമയുടെ മഹനീയ മാതൃക ലോകത്തിന് സമ്മാനിച്ച് കഴുതയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം സ്വീകരിച്ചതിന്റെ ഓര്‍മ്മ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു.
വിവിധ ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയിലും കുരുത്തോല പ്രദിക്ഷണത്തിലും ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. ഓശാന ഞായര്‍ ആരംഭിച്ചതോടെ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് തുടക്കമായി.
അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ഏപ്രില്‍ 13-നു വിശ്വാസികള്‍ പെസഹ വ്യാഴം ആചരിക്കും. അന്നേ ദിവസം ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. പിറ്റേന്ന് ദുഃഖ വെള്ളിയാഴ്ച ലോകമെമ്പാടും പീഡാനുഭവ ശുശ്രൂഷയും കുരിശിന്റെ വഴി പ്രാര്‍ത്ഥനയും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് സമാപ്തിയാകും.
അല്പ സമയത്തിനകം വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വത്തിക്കാനിലും തുടക്കമാകും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ അങ്കണത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുക.
പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളായ തൈലം വെഞ്ചരിപ്പും ദിവ്യബലിയും സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മാർപാപ്പ പാലിയാനോ ജയിലിലേക്ക് പോയി തടവുകാരുടെ കാല് കഴുകും.
ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. ദുഃഖ ശനിയാഴ്ച വൈകിട്ട് 8.30-നായിരിക്കും മാര്‍പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള തിരുക്കര്‍മങ്ങള്‍.
തിരുകര്‍മ്മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പതിവുപോലെ, വചന സന്ദേശവും ആശീര്‍വാദവും നല്‍കും.