News - 2024

ലൈംഗീക ചൂഷണത്തിന് ഇരകളായ സ്ത്രീകള്‍ക്ക് വേണ്ടി റോമില്‍ കുരിശിന്റെ വഴി

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

റോം: ലൈംഗികചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരകളായ സ്ത്രീകള്‍ക്ക് വേണ്ടി റോമില്‍ പ്രത്യേക കുരിശിന്റെ വഴി നടത്തി. 1968 ല്‍ ജോണ്‍ ഇരുപത്തിമൂന്നാം പാപ്പായുടെ നാമത്തില്‍ ഒറേസ്‌തെ ബെന്‍സി എന്ന ഇറ്റലിക്കാരനായ വൈദികന്‍ സ്ഥാപിച്ച സമൂഹമാണ് സ്ലീവാ പാത റോമില്‍ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. റോമിലെ ഗര്‍ബത്തേല്ല എന്ന സ്ഥലത്തുനിന്നു ആരംഭിച്ച കുരിശിന്റെ വഴി ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള വിശുദ്ധ ഫ്രാന്‍ചെസ്ക റൊമാനയുടെ നാമത്തിലുള്ള ദേവാലയത്തിലാണ് സമാപിച്ചത്.

‘ക്രൂശിതകള്‍ക്കു വേണ്ടി’ എന്ന ശീര്‍ഷകത്തോടെയാണ് റോമില്‍ കുരിശിന്റെ വഴി നടത്തപ്പെട്ടത്. മനുഷ്യക്കടത്തിനും ലൈംഗികചൂഷണത്തിനും ഇരകളായിത്തീരുന്ന സ്ത്രീകള്‍ ക്രിസ്തുവിന്റെ കാല്‍വരി സഹനത്തിനു സമാനമായ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ആല്‍ദൊ ബൊന്നയൂത്തൊ അഭിപ്രായപ്പെട്ടു. വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »