News - 2025
ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണ് ക്രൈസ്തവന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 14-04-2017 - Friday
കൊച്ചി: ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണു ക്രൈസ്തവനെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പെസഹാവ്യാഴത്തിന്റെ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ ജീവിതസാക്ഷ്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധതയുള്ളവനാണു ക്രൈസ്തവന്‍. ഓരോ ദിവസവും ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയില്‍ മുന്നേറാനുള്ള തയാറെടുപ്പുകള്‍ ഉണ്ടാവണം. സങ്കീര്‍ണമായ സാഹചര്യങ്ങളോടു സമരം ചെയ്തവനാണു ക്രിസ്തു. ക്രിസ്തുവിന്റെ ജീവിതസമരത്തോടു ചേര്‍ന്നു നമ്മുടെ ജീവിതത്തില്‍ തിന്മയ്‌ക്കെതിരെ നിരന്തരമായ സമരം നമ്മില്‍ നിന്നു ക്രിസ്തു ആവശ്യപ്പെടുന്നു.
നമ്മുടെ ജീവിതം ക്രിസ്തു ആവശ്യപ്പെട്ടതനുസരിച്ചാണോ എന്ന് ആത്മപരിശോധന നടത്താനാവാണം. വിനയാന്വിതരായാണു നാം സമരം നടത്തേണ്ടത്. കാല്‍കഴുകലിലൂടെ ദ്യോതിക്കപ്പെടുന്ന വിനയത്തിന്റെയും മനുഷ്യസേവനത്തിന്റെയും ശുശ്രൂഷാമനോഭാവം അനുദിന ജീവിതത്തിലുണ്ടാവണം. സമൂഹത്തിലെ എല്ലാവരും നമ്മുടെ ശുശ്രൂഷയ്ക്ക് അര്‍ഹരാണ്.
ഇസ്രായേല്‍ജനം ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു കാനാന്‍നാട്ടിലേക്കു കടന്നുപോയതിന്റെ ഓര്‍മയുടെ തുടര്‍ച്ചയാണു പുതിയ നിയമത്തിലെ പെസഹാ. ക്രിസ്തുവിനൊപ്പം നിരന്തരമായ കടന്നുപോകലിനു നാം സജ്ജരാകണം. വിശുദ്ധ കുര്‍ബാനവഴി മിശിഹായിലൂടെ നാം ദൈനംദിനം കടന്നുപോകുന്നു. തന്റെ പെസഹാ എന്നും നമ്മുടെ പെസഹാ ആയിരിക്കണമെന്ന ചിന്ത യേശുവിനുണ്ടായിരുന്നു. ക്രിസ്തുവിലൂടെയാണു മനുഷ്യവംശത്തിന്റെ കടന്നുപോകല്‍ സാധ്യമാവേണ്ടതെന്ന വിശ്വാസസത്യം അനുദിന ദിവ്യബലിയിലൂടെ നാം സ്മരിക്കുന്നു.
തിന്മയുടെ അടിമത്തത്തില്‍ കഴിയുന്ന, പരസ്പരം അടിമത്തത്തിലാക്കുന്ന മനുഷ്യവംശത്തെ വിമോചത്തിലേക്കു നയിക്കാനാണു പിതാവായ ദൈവം തന്റെ പുത്രനെ അയച്ചത്. ദൈവപുത്രനില്‍ സംഭവിച്ചതെല്ലാം മനുഷ്യരക്ഷയ്ക്കുവേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം അവനിലൂടെ സംഭവിച്ച രക്ഷ അനുഭവിക്കാന്‍ സാധിക്കും. ക്രിസ്തുവിന്റെ സഹനം, മരണം, ഉത്ഥാനം എന്നിവയുടെ അടയാളമായ കുര്‍ബാനയുടെ അനുഭവം സ്വന്തമാക്കുമ്പോള്‍, അവിടുന്നില്‍ നമ്മുടെ ജീവിതത്തെ ധന്യമാക്കാനാവും.
മനുഷ്യന്റെ പാപകരമായ ജീവിതത്തെ ജയിക്കാനുള്ള അവസരമാണു ദിവ്യബലി. തിന്മയുടെയും വിദ്വേഷത്തിന്റെയും വഞ്ചനയുടെയും അഴിമതിയുടെയും സ്വാധീനത്തില്‍ നിന്നു നമ്മെ ദിവ്യബലി മോചിപ്പിക്കും. ദൈവത്തോടും സഹോദരങ്ങളോടുമുള്ള വിശ്വസ്തയുടെ ഉടമ്പടി പാലിക്കാന്‍ നമുക്കാവണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയും ഇന്നലെ നടന്നു.
![](/images/close.png)