India - 2025
ഓരോ സഭാശുശ്രൂഷകനും ക്രൈസ്തവനും പ്രതിജ്ഞാബദ്ധതയോടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണം: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 03-07-2017 - Monday
കൊച്ചി: ഓരോ ക്രൈസ്തവനും സഭാശുശ്രൂഷകനും ഉത്തരവാദിത്വങ്ങൾ കൂടുതൽ പ്രതിബദ്ധതയോടെ നിർവഹിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭാദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഇടയലേഖനത്തിലാണു മേജർ ആർച്ച്ബിഷപ് ഇക്കാര്യം ഓർമിപ്പിച്ചത്. മാർത്തോമാശ്ലീഹായുടെ വിശ്വാസതീക്ഷ്ണത സഭാമക്കളിൽ ജ്വലിപ്പിക്കാൻ സഭാദിനാചരണം ഉപകരിക്കണമെന്നും അദ്ദേഹാം കൂട്ടിച്ചേര്‍ത്തു.
മാർത്തോമാ ക്രിസ്ത്യാനികളെ സംബന്ധിച്ചു നമ്മുടെ സാക്ഷ്യജീവിതത്തിന് ഉണർവു പകരാനുള്ള ഊർജം സംഭരിക്കുകയാണു ജൂലൈ മൂന്നിലെ സഭാദിനാചരണത്തിന്റെ ലക്ഷ്യം. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി അംഗീകരിക്കപ്പെട്ടതിന്റെ രജതജൂബിലി ഈവർഷം ആചരിക്കുന്നു എന്നതും ഈ സഭാദിനാചരണത്തെ കൂടുതൽ സന്തോഷപ്രദമാക്കുന്നു. സീറോ മലബാർ സഭ ഇന്നു ഭാരതത്തിലുള്ള അതിന്റെ 29 രൂപതകളും ഭാരതത്തിനു പുറത്തുള്ള മൂന്നു രൂപതകളും ഒരു എക്സാർക്കേറ്റും ഭാരതത്തിന് അകത്തും പുറത്തുമുള്ള പ്രവാസിവിശ്വാസികളും ചേർന്ന ഒരു കൂട്ടായ്മയായിട്ടാണു പ്രവർത്തിക്കുന്നത്.
അതേസമയം, ഇതരവ്യക്തിസഭകളോടു ചേർന്നു സാർവത്രിക കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ ഒരേ ഒരു സഭയായി നിലനില്ക്കുകയും വളരുകയും ചെയ്യുന്നു. സാർവത്രികസഭയ്ക്ക് എന്നതുപോലെ സീറോ മലബാർ സഭയ്ക്ക് ഇതര ക്രൈസ്തവസഭകളോടുള്ള എക്യുമെനിക്കൽ ബന്ധവും ഇതരമതങ്ങളോടുള്ള സൗഹാർദവും അതിന്റെ പ്രവർത്തനശൈലിയുടെ ഭാഗമാണ്. സഭയിൽ ഇന്നു സാഹചര്യങ്ങൾ മുന്പത്തേക്കാൾ സങ്കീർണമാണ്.
നമ്മുടെ ഇടയിൽ എതിർസാക്ഷ്യങ്ങളും ഉതപ്പുകളും ഉണ്ടാകുന്നു. ലൗകികതയുടെയും സുഖജീവിതത്തിന്റെയും വശ്യതകൾക്കു അടിപ്പെട്ടു ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാന സ്വഭാവത്തിൽനിന്നു പലരും വ്യതിചലിച്ചുപോകുന്നു. ഇവയോടൊപ്പമാണു ചില മതങ്ങളിലെ മൗലികവാദങ്ങളും അവയിൽനിന്നുണ്ടാകുന്ന ഭീകരപ്രസ്ഥാനങ്ങളും സഭാമക്കളുടെമേൽ അഴിച്ചുവിടുന്ന ക്രൂരമായ പീഡനങ്ങളും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ നിഷ്ഠൂരമായി വധിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നു. ചിലർ ബന്ദികളാക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ഫാ. ടോം ഉഴുന്നാലിലിനെ അനുസ്മരിച്ചു അദ്ദേഹത്തിന്റെ മോചനത്തിനായി നമുക്കു പ്രത്യേകം പ്രാർഥിക്കാം.
ഭാരതത്തിലും ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും സഭയുടെ ശുശ്രൂഷകൾക്കു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടരുത്. ഓരോ ക്രൈസ്തവനും സഭാശുശ്രൂഷകനും ഉത്തരവാദിത്വങ്ങൾ കൂടുതൽ പ്രതിബദ്ധതയോടെ നിർവഹിക്കുകയാണു വേണ്ടത്. സഹനങ്ങളും പീഡനങ്ങളും ക്രൈസ്തവ ജീവിതത്തിന്റെ അനിവാര്യഘടകമാണെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
![](/images/close.png)