News - 2025
കര്‍ദിനാള്‍ ഡയസിനെ സ്മരിച്ചു മാര്‍ ആലഞ്ചേരി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി
സ്വന്തം ലേഖകന്‍ 02-07-2017 - Sunday
വത്തിക്കാന്‍ സിറ്റി: ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഐവാൻ ഡയസിന്റെ ഭൗതികദേഹം സംസ്കരിച്ച റോമിലെ കാബോവെറോന സെമിത്തേരിയിൽ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർത്ഥനാശുശ്രൂഷ നടത്തി.
യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷൻ കോ-ഓർഡിനേറ്ററും റോമിലെ സീറോ മലബാർ ചാപ്ലയിനുമായ റവ. ഡോ. ചെറിയാൻ വാരിക്കാട്ട്, ഉർബാനിയൻ കോളജ് വൈസ് റെക്ടർ ഫാ. ജോബി കുന്നത്തോട്, ഫാ. ബിജു മുട്ടത്തിക്കുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സോണി മഞ്ഞളി, ഫാ. സനൽ മാളിയേക്കൽ, ഫാ. ജയന്ത് കിടങ്ങേൻ, ഫാ. ലിനോ ഇമ്മട്ടി എന്നിവരും സമർപ്പിതരും വിശ്വാസികളും അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുത്തു.
ഭാരതത്തിലും വത്തിക്കാനിലെ വിവിധ നയതന്ത്ര കാര്യാലയങ്ങളിലും സ്വീകാര്യമായ ശുശ്രൂഷ ചെയ്യാൻ കർദിനാൾ ഐവാൻ ഡയസിനു സാധിച്ചുവെന്നു മാർ ആലഞ്ചേരി അനുസ്മരിച്ചു. ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയോടും ബനഡിക്ട് പതിനാറാമൻ പാപ്പയോടും ചേർന്നു പ്രവർത്തിച്ചിരുന്ന അദ്ദേഹം എല്ലാവരുടെയും ആദരവ് ഏറ്റുവാങ്ങി. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാനിലെ കാര്യാലയത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ മിഷൻ രാജ്യങ്ങളിലെ പുതിയ രൂപതകളെ പരിപോഷിപ്പിക്കുന്നതിന് അദ്ദേഹം ചെയ്ത സേവനങ്ങൾ മഹത്തരമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.
സുവിശേഷവൽക്കരണത്തിനു വേണ്ടിയുളള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്ട്ടായി സേവനം ചെയ്തതിനു ശേഷം റോമിൽ തുടരുകയായിരുന്ന കർദിനാൾ ഡയസ് ജൂണ്‍ 19നാണ് ദിവംഗതനായത്. ജൂണ്‍ 21 ബുധനാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയാണ് നേതൃത്വം നല്‍കിയത്.