News - 2024

ഇൗസ്​റ്റർ ആഘോഷത്തിൽ പങ്കുചേര്‍ന്ന് യു‌എ‌ഇ സാംസ്കാരിക വികസന വകുപ്പ് മന്ത്രി

സ്വന്തം ലേഖകന്‍ 18-04-2017 - Tuesday

അബുദാബി: അബുദാബി കോപ്റ്റിക് ഒാർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ഇൗസ്റ്റർ ആഘോഷത്തിൽ പങ്കുചേര്‍ന്ന് കൊണ്ട് യു‌എ‌ഇ സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഞായറാഴ്ച സെൻറ് ആൻറണീസ് ദേവാലയം സന്ദര്‍ശിച്ച അദ്ദേഹം ഇൗജിപ്ഷ്യൻ നഗരങ്ങളായ ടാൻറ, അലക്സാൻഡിയ എന്നിവിടങ്ങളിലെ കോപ്റ്റിക് ചർച്ചുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇൗജിപ്തിൽ ഭീകരാക്രമണമുണ്ടായ ഉടനെ യു.എ.ഇ ഒൗഖാഫ് പ്രതിനിധി സംഘം ഇതേ ദേവാലയത്തില്‍ സന്ദർശനം നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇൗജിപ്തും യു.എ.ഇയും തമ്മിലുള്ള മികച്ച ബന്ധത്ത ശൈഖ് നഹ്യാൻ തന്റെ സന്ദേശത്തില്‍ പ്രശംസിച്ചു. ഭീകരാക്രമണത്തെ എതിരിടാനും ജനങ്ങൾ തമ്മിലുള്ള സൗഹാർദവും ഐക്യവും തകർക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുമുള്ള ഇൗജിപ്തിൻറ കഴിവിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഷൈഖ് ശാഖ്ബൂത് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി, പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മതനീതിന്യായ ഉപദേഷ്ടാവ് അലി ആൽ ഹാഷിമി, യു.എ.ഇയിലെ ഇൗജിപ്ഷ്യൻ അംബാസഡർ വാഅൽ മുഹമ്മദ് ഗാദ് തുടങ്ങിയവരും മന്ത്രിയോടൊപ്പം ദേവാലയത്തില്‍ എത്തിയിരിന്നു.


Related Articles »