News - 2024

കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ ആദ്യ ചാർട്ടേർഡ് വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങി

പ്രവാചക ശബ്ദം 26-06-2020 - Friday

ഷാര്‍ജ/ കൊച്ചി: കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ ആദ്യത്തെ ചാർട്ടേർഡ് വിമാനം 168 യാത്രക്കാരുമായി ഇന്ന് ജൂൺ 26നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി. കോവിഡ് വ്യാപനം തടയാനായി യാത്രാവിമാനങ്ങൾ റദ്ദാക്കിയതിനാൽ യാത്രമുടങ്ങി ദുരിതത്തിലായ നിസ്സഹായരും അത്യാവശ്യക്കാരുമായവർക്കുവേണ്ടിയാണ് കാത്തലിക് കോൺഗ്രസ്സ് യു‌എ‌ഇ ഷാർജ വിമാനത്താവളത്തിൽ നിന്നു ചാർട്ടേർഡ് വിമാനസർവീസ് ആരംഭിച്ചത്. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ളവർക്ക് ഈ ആദ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.

നാട്ടിലെത്താനാവാതെ ദുരിതത്തിലായിരിക്കുന്ന പ്രവാസികൾക്കു വേണ്ടി ചെയ്യുന്ന ഈ നിസ്വാർത്ഥ സേവനം യു‌എ‌ഇയിലെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് കാത്തലിക് കോൺഗ്രസ്സ് യു‌എ‌ഇയുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പ്രത്യാശ പ്രകടിപ്പിച്ചു. സേവനത്തിന് അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്ത സതേൺ അറേബ്യായുടെ ബിഷപ്പ് പോൾ ഹിൻഡറിനും, പി‌പി‌ഇ കിറ്റ് സ്പോൺസർ ചെയ്യുകയും മറ്റു സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത സെന്റ് മേരീസ് ദുബായ് പള്ളിയുടെ വികാരി ഫാ. ലെന്നി കോന്നുള്ളി, ഫാ.അലക്സ് വാച്ചാപറമ്പിൽ, മറ്റു ഇടവകകളിലെ വൈദികർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ് പ്രസിഡന്റ് രാജീവ് എബ്രഹാം, ട്രെഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, കാത്തലിക് കോൺഗ്രസ് യു‌എ‌ഇയുടെ വർക്കിങ് കമ്മിറ്റി ഭാരവാഹികൾ, സീറോമലബാർ കമ്മ്യൂണിറ്റി ഭാരവാഹികൾ എന്നിവരാണ് യാത്രയ്ക്കുള്ള ക്രമീക്രണം ഏകോപിപ്പിച്ചത്. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ് ഹെൽപ് ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »