News

തമിഴ്നാട്ടിൽ ദളിത് ക്രൈസ്തവരുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ പോലീസ് തടസ്സപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം

സ്വന്തം ലേഖകന്‍ 22-04-2017 - Saturday

ചെന്നൈ: തമിഴ്നാട്ടിലെ സോഗണ്ടിയിൽ ദളിത് ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച നടത്തിയ കുരിശിന്റെ വഴിയും മറ്റു ശുശ്രൂഷകളും തടസ്സപ്പെടുത്തിയ പോലിസിന്റെ നടപടിയിൽ വ്യാപകമായ പ്രതിഷേധം. സംഭവത്തിൽ ഇന്ത്യൻ കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് വേദനയും അതൃപ്തിയും രേഖപ്പെടുത്തിയതായി ജനറൽ സെക്രട്ടറി മോൺസിഞ്ഞോർ തിയോഡോർ മസ്കാരൻഹാസ് അറിയിച്ചു.

ഈ പ്രദേശത്തെ നൂറ്റിയിരുപത്തഞ്ചോളം വരുന്ന ക്രൈസ്‌തവ കുടുംബങ്ങളുടെ സൗകര്യാർത്ഥമാണ് ചെങ്കൽപേട്ട് കുന്നിൻ മുകളിൽ നിയമപരമായ അനുമതിയോടെ കുരിശു നാട്ടിയതും പരിശുദ്ധ കന്യകാ മാതാവിന്റെ രൂപം സ്ഥാപിച്ചതും. എന്നാൽ, അനധികൃത കുടിയേറ്റം എന്നു മുദ്രകുത്തി ക്രിസ്തുമസ് ന്യൂഇയർ സമയത്ത് അവിടുത്തെ കുരിശും രൂപങ്ങളും പൊളിച്ചു കളഞ്ഞ്, ഹൈന്ദവ ചിഹ്നങ്ങൾ പാറകല്ലുകളിൽ ആലേഖനം ചെയ്തിരുന്നു.

ദളിതർക്കും ക്രൈസ്തവർക്കും എതിരായ വികാരം സൃഷ്ടിച്ച് തദ്ദേശീയ ക്രൈസ്തവരോട് മത സപർധാപരമായ നീക്കങ്ങളാണ് പോലീസിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മോൺസിഞ്ഞോർ നീതിനാഥൻ പറഞ്ഞു.

സാമുദായിക ഐക്യം തകർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന വർഗ്ഗീയ വാദികളുടെ ശ്രമമാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾക്കു പിന്നിലെന്നും; ഭയാനകമായ അരക്ഷിതാവസ്ഥയിൽ നിന്നും മതസ്വാതന്ത്ര്യത്തിന്റേതായ അവകാശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും മോൺസിഞ്ഞോർ അഭിപ്രായപ്പെട്ടു.


Related Articles »