News - 2024

ഇരുപത്, ഇരുപത്തിയൊന്നു നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ അനുസ്മരിച്ച് വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 22-04-2017 - Saturday

വത്തിക്കാന്‍ സിറ്റി: ഇരുപത്, ഇരുപത്തിയൊന്നു നൂറ്റാണ്ടുകളിലെ ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിച്ച് വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. ടൈബര്‍ ദ്വീപിലുള്ള വിശുദ്ധ ബര്‍ത്തലോമിയുടെ ബസിലിക്കയില്‍ ശനിയാഴ്ച വൈകുന്നേരമായിരിക്കും നവരക്തസാക്ഷികളെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടക്കുക.

ശുശ്രൂഷകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കും. ആഗോള സമാധാനത്തിനായി അദ്ധ്വാനിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

പ്രാര്‍ത്ഥനാശുശ്രൂഷ മദ്ധ്യേ മാര്‍പാപ്പ സന്ദേശം നല്‍കും. യുറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭുഖണ്ഡങ്ങളിലെ രക്തസാക്ഷികളുടെയും കമ്മ്യൂണിസ്റ്റ് ആധിപത്യവും നാസിഭരണകൂടവും വിശ്വാസത്തിന്‍റെ പേരില്‍ ജീവനെടുത്തവരുടെയും ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള 6 കപ്പേളകള്‍ മാര്‍പാപ്പ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച് നിണസാക്ഷികള്‍ക്ക് ആദരവര്‍പ്പിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ ഇരുപതാം നൂറ്റാണ്ടുമുതല്‍ ഇന്നുവരെയുള്ള രക്തസാക്ഷികള്‍ക്കായി നടത്തപ്പെടുന്ന ഓരോ പ്രാര്‍ത്ഥനയുടെയും അവസരത്തില്‍ മെഴുകുതിരികള്‍ തെളിക്കും.

സിറിയയില്‍ തട്ടിക്കൊണ്ടുപോയ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാന്മാരായ മാര്‍ ഗ്രിഗോറിയോസ് ഇബ്രാഹിം, കത്തോലിക്കാ വൈദികന്‍ പാവോളൊ ദല്‍ ഓല്യൊ എന്നിവര്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടക്കും. വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച 3 പേരുടെ ബന്ധുക്കളും സുഹൃത്തുക്കളും ശുശ്രൂഷാവേളയില്‍ സാക്ഷ്യമേകും.

പ്രാര്‍ത്ഥനാശുശ്രൂഷയുടെ അവസാനം ഇറ്റലിയില്‍ അഭയാര്‍ത്ഥികളായെത്തിയിട്ടുള്ളവരും മനുഷ്യക്കടത്തിന്‍റെ ഇരകളായ സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു സംഘവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു.


Related Articles »