News - 2024

റഷ്യയില്‍ യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം നിരോധിച്ചു

സ്വന്തം ലേഖകന്‍ 24-04-2017 - Monday

മോസ്കോ: യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം റഷ്യയില്‍ നിരോധിച്ചു. സുപ്രീം കോടതി ജഡ്ജി യൂറി ഇവാനെന്‍കോ പുറത്തിറക്കിയ ഉത്തരവിലാണ് സംഘടന നിരോധിക്കാന്‍ ഉത്തരവായത്. യഹോവ സാക്ഷി സംഘടനകളുടെ സ്വത്തുകള്‍ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പൗരാവകാശത്തിനും ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയാണെന്ന് നീതിന്യായ മന്ത്രാലയം അഭിഭാഷകന്‍ സ്വെറ്റ്‌ലാന ബോറിസോവ കോടതിയെ അറിയിച്ചു.

യഹോവ സാക്ഷികളുടെ റഷ്യന്‍ ആസ്ഥാനവും 395 പ്രാദേശിക ഘടകങ്ങളും അടച്ചുപൂട്ടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ഈ വിഷയത്തില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കുമെന്നും യഹോവ സാക്ഷികളുടെ വക്താക്കള്‍ അറിയിച്ചു. 1991ലാണ് യഹോവ സാക്ഷികള്‍ ഒരു മതവിഭാഗം എന്ന നിലയില്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ സംഘടനയുടെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ദേശീയ ആസ്ഥാനം അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ മന്ത്രാലയം കോടതിയെ സമീപിച്ചിരുന്നു. റഷ്യയില്‍ യഹോവ സാക്ഷികള്‍ക്കെതിരെ സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് സംഘടനയുടെ ആഗോള നേതൃത്വം ആരോപിച്ചു. യഹോവ സാക്ഷികള്‍ക്ക് ലോകമെമ്പാടുമായി 8.3 ദശലക്ഷം അംഗങ്ങളുണ്ടെന്നാണ് കണക്ക്.


Related Articles »