News

കെനിയയിലെ സാധാരണക്കാരുടെ ഉന്നമനത്തിന് നയ്റോബി അതിരൂപത മൈക്രോഫിനാന്‍സ്‌ ബാങ്ക് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 25-04-2017 - Tuesday

നയ്റോബി: കെനിയയിലെ സാധാരണക്കാരായ ജനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി നയ്റോബി അതിരൂപത, കാരിത്താസുമായി ചേര്‍ന്ന് മൈക്രോ ഫിനാന്‍സ്‌ ബാങ്ക് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നയ്റോബി കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോണ്‍ ന്ജ്യു ഇതു സംബംന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നയ്റോബിയിലെ പ്രധാന കച്ചവട മേഖലയിലെ കര്‍ദ്ദിനാള്‍ മോറിസ് ഒടുംങ്ങ പ്ലാസയിലാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌ ബാങ്കിന്റെ പ്രധാന ഓഫീസും ശാഖയും പ്രവര്‍ത്തിക്കുന്നത്.

ചെറിയ നിക്ഷേപങ്ങളും, വായ്‌പകളും വഴി ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുകള്‍ കണ്ടെത്തുന്നതിനും ചെറിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതുവഴി പ്രദേശവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയ്റോബി അതിരൂപത മൈക്രോഫിനാന്‍സ് ബാങ്കിംഗ് മേഖലയിലേക്ക് കടന്നിരിക്കുന്നത്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലക്ക് 1990 കളുടെ ആരംഭത്തിലാണ് മൈക്രോഫിനാന്‍സ് എന്ന ആശയം ഉടലെടുത്തത്. പ്രാദേശിക സമൂഹങ്ങളെ പ്രത്യേകിച്ച് ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളേയും കുട്ടികളേയും സാമ്പത്തികമായി സഹായിക്കുക എന്നതാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌ ബാങ്കിന്റെ ലക്ഷ്യമെന്ന് കര്‍ദിനാള്‍ ജോണ്‍ ന്ജ്യു തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നയ്റോബിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ മോറിസ് ഒടുംഗയുടെ നേതൃത്വത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സ്വയം സഹായ സംഘത്തിന്റെ ഔദ്യോഗിക ആരംഭം മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015-ജൂണില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് കെനിയ (CBK) രാജ്യത്തുടനീളം മൈക്രോ ഫിനാന്‍സ്‌ ബാങ്കിംഗ് സംരഭങ്ങള്‍ തുടങ്ങുവാനുള്ള അനുമതി കാരിത്താസിന് നല്‍കിയിരുന്നു. കെനിയയിലെ 12ാമത്തെ മൈക്രോഫിനാന്‍സ് ബാങ്കാണ് കാരിത്താസ് മൈക്രോ ഫിനാന്‍സ്‌.

സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുക വഴി ജനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് തങ്ങളുടെ ബാങ്കിന്റെ പ്രഥമ ലക്ഷ്യമെന്ന് കാരിത്താസ് എം‌എഫ്‌ബിയുടെ സി‌ഇ‌ഓ ജോര്‍ജ്ജ് മൈന പറഞ്ഞു.

കറന്റ്, സേവിംഗ് എന്നീ വിഭാഗങ്ങളിലായി ഇപ്പോള്‍ തന്നെ 10,000-ത്തോളം ഇടപാടുകാര്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അടുത്ത മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ 12 ശാഖകള്‍ കൂടി തുടങ്ങുവാനുള്ള പദ്ധതി കാരിത്താസ് മൈക്രോഫിനാന്‍സ് ബാങ്കിനുണ്ട്. കെനിയയിലെ വിവിധ സ്ഥലങ്ങളിലായി 5 ബ്രാഞ്ചുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങും.

ഭാവിയില്‍ മൊബൈല്‍ ബാങ്കിംഗിനുള്ള പദ്ധതിയും കാരിത്താസ് മൈക്രോഫിനാന്‍സ് ബാങ്കിനുണ്ട്. കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് ആഫ്രിക്കന്‍ ജനതയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഓരോ ദിവസവും തയാറാക്കുന്നത്.


Related Articles »