Meditation - April 2019

ക്രിസ്തുവിൽ ദൈവം സര്‍വ്വതും സംസാരിച്ചിരിക്കുന്നു

സ്വന്തം ലേഖകന്‍ 10-04-2018 - Tuesday

"പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു." (ഹെബ്രാ 1:1-2).

യേശു ഏകരക്ഷകൻ: ഏപ്രിൽ 10
സ്നേഹം നിമിത്തം സ്വയം വെളിപ്പെടുത്തുകയും, മനുഷ്യർക്കു സ്വയം നൽകുകയും ചെയ്യുന്ന ദൈവം പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി സംസാരിച്ചു. എന്നാൽ കാലത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ ഏകജാതൻ വഴി നമ്മോടു സംസാരിച്ചിരിക്കുന്നു. മനുഷ്യനായി തീര്‍ന്ന ദൈവപുത്രനായ ക്രിസ്തു പിതാവിന്റെ ഏകവും പരിപൂര്‍ണവും അദ്വിതീയനുമായ വചനവുമാണ്. അവനില്‍ ദൈവം സര്‍വ്വതും സംസാരിച്ചിരിക്കുന്നു. ഈ വചനമല്ലാതെ മറ്റൊരു വചനം ഇനി ഉണ്ടാകില്ല.

കുരിശിന്‍റെ വി. യോഹന്നാന്‍ മറ്റ് അനേകരെ പോലെ ഹെബ്രാ 1:1-2 ആകര്‍ഷകമാം വിധം വ്യാഖ്യാനിച്ചതിങ്ങനെയാണ്: 'തന്റെ ഏകനും അനന്യനുമായ പുത്രനെ നമ്മുക്ക് നല്‍കി കൊണ്ട് ദൈവം ഈ ഏകവചനത്തില്‍ നമ്മോടു എല്ലാം എന്നേക്കുമായി സംസാരിച്ചിരിക്കുന്നു. ഇനി വേറൊന്നും സംസാരിക്കാന്‍ അവിടുത്തേക്കില്ല... കാരണം മുന്‍പ് പ്രവാചകന്മാരോട് പല അംശങ്ങളായി അവന്‍ സംസാരിച്ചവ, ഇപ്പോള്‍ തന്റെ പുത്രനെ പൂര്‍ണമായി നല്‍കി കൊണ്ട് നമ്മോടു പൂര്‍ണ്ണമായും സംസാരിച്ചിരിക്കുന്നു. അതിനാല്‍ ആരെങ്കിലും ഏതെങ്കിലും ദര്‍ശനമോ വെളിപാടോ അഭിലഷിക്കുകയോ, ദൈവത്തോട് അന്വേഷിക്കുകയോ ചെയ്താല്‍ അയാള്‍ വലിയ മൂഢത്തം പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ദൈവത്തെ അയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തുവില്‍ തന്റെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാതെ അയാള്‍ മറ്റെന്തെങ്കിലും പുതുമയന്വേഷിച്ചു പോകുന്നു'. (St. John of the Cross, The Ascent of Mount Carmel)

വിചിന്തനം
ഏകരക്ഷകനായ ക്രിസ്തുവിനെ നമ്മുക്കു നൽകിക്കൊണ്ട് ദൈവം നമ്മോട് പൂർണ്ണമായി സംസാരിച്ചിരുന്നു. അതിനാൽ ദൈവത്തെ ശ്രവിക്കാൻ ലോകം മുഴുവനും യേശുവിലേക്കു തിരിയേണ്ടിയിരിക്കുന്നു. ഈ ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്ന തെറ്റായ ഈശ്വരസങ്കൽപ്പങ്ങളും, വചനത്തിനു വിരുദ്ധമായ സ്വകാര്യ വെളിപാടുകളും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ടോ? എങ്കിൽ നാം സത്യവിശ്വാസത്തിൽ നിന്നും ഇനിയും അകലെയാണ്. ദൈവം തന്റെ രക്ഷാകരപദ്ധതി എന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നത് ക്രിസ്തുവിലാകയാൽ, ക്രിസ്തുവിന്റെ വചനങ്ങൾ ലോകം മുഴുവൻ പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകൾ ശ്രവിക്കണമേ!" (സങ്കീ 17:6)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »