News

ഒഡീഷയിലെ ‘ആദ്യകുര്‍ബ്ബാന’ സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചത്‌ 3,000 ത്തോളം വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 26-04-2017 - Wednesday

കട്ടക്ക്: ക്രൈസ്തവ പീഡനങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഒഡീഷയില്‍ നിന്ന്‍ മറ്റൊരു വിശ്വാസസാക്ഷ്യം. കട്ടക്ക് - ഭൂവനേശ്വര്‍ അതിരൂപതയിലെ ഇടവക ദേവാലയത്തില്‍ നടത്തിയ ‘ആദ്യകുര്‍ബ്ബാന’ സ്വീകരണ ചടങ്ങ് വിശ്വാസികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കഴിഞ്ഞ 5 മാസമായി പ്രഥമ ദിവ്യകാരുണ്യ സീകരണത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരുന്ന 34-ഓളം കുട്ടികളാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 23 കരുണയുടെ ഞായറാഴ്ച തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ ആദ്യമായി സ്വീകരിച്ചത്‌. 3,000 ത്തിലധികം വിശ്വാസികളാണ് പള്ളിയില്‍ തടിച്ചു കൂടിയത്.

കട്ടക്ക് - ഭൂവനേശ്വര്‍ അതിരൂപത മെത്രാപ്പോലീത്തയായ ജോണ്‍ ബര്‍വ്വയാണ് തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. കൂദാശകളില്‍ വെച്ച് ഏറ്റവും സവിശേഷമായ കൂദാശയാണ് ദിവ്യകാരുണ്യമെന്നും മറ്റുള്ള കൂദാശകള്‍ ദൈവീക സമ്മാനങ്ങള്‍ നമുക്ക്‌ നല്‍കുമ്പോള്‍ പരിശുദ്ധ ദിവ്യകാരുണ്യം ദൈവത്തെ തന്നെയാണ് നമുക്ക്‌ സമ്മാനിക്കുന്നതെന്നും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

തന്റെ തിരുകുമാരനെ ഈ ഭൂമിയിലേക്ക് അയക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു, മാത്രമല്ല പരിശുദ്ധ ദിവ്യകാരുണ്യത്തിലൂടെ താന്‍ നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്ന ഉറപ്പ്‌ നമുക്ക്‌ നല്‍കുകയും ചെയ്തു. ബിഷപ്പ് തന്റെ മുന്നില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികളോട് പറഞ്ഞു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ ബന്ധുക്കളും, സുഹൃത്തുക്കള്‍ക്കും, പ്രദേശവാസികള്‍ക്കും പുറമേ 10 വൈദികരും, 20 ഓളം കന്യാസ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കിയ ദിവ്യ, റെബേക്ക, സാമുവല്‍ എന്നീ സിസ്റ്റര്‍മാരും ഫാദര്‍ മൃതജ്ജൈയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അഞ്ച് മാസം നീണ്ടു നിന്ന വിശ്വാസപരിശീലനത്തിലൂടെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികള്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെന്ന്‍ വിശ്വാസ പരിശീലനം നല്‍കിയ സിസ്റ്റര്‍ ദിവ്യ പറഞ്ഞു. “ഞങ്ങള്‍ അവരുടെ ഉള്ളില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ വിതച്ചിട്ടുണ്ട്, അത് വളര്‍ത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്തിട്ടുണ്ട്”. സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളുടെ കാര്യത്തില്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒഡീഷയില്‍ നിന്നുമുള്ള ദിവ്യകാരുണ്യ സ്വീകരണവും വിശ്വാസികളുടെ സജീവ സാന്നിധ്യവും ക്രിസ്തുവിന്റെ സഭ വളരും എന്നതിനുള്ള ഒരു നേര്‍ സാക്ഷ്യമായി മാറിയിരിക്കുകയാണ്.


Related Articles »