News

പ്രാര്‍ത്ഥന കൊണ്ട് അത്ഭുതം തീര്‍ത്ത ഫാ. ജോണ്‍ സള്ളിവനെ മെയ് 13-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍ 28-04-2017 - Friday

ഡബ്ലിന്‍: പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും പിന്നീട് ജെസ്യൂട്ട് വൈദികന്‍ ആകുകയും ചെയ്ത ഫാദര്‍ ജോണ്‍ സള്ളിവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. വൈദികന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ മെയ് 13-നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോയും, അയര്‍ലന്‍ഡിലെ കത്തോലിക്കാ സഭാ തലവന്‍മാരും ചടങ്ങുകളില്‍ സംബന്ധിക്കും.

അത്ഭുതകരമായ രീതിയില്‍ രോഗശാന്തി നല്‍കുന്ന പ്രാര്‍ത്ഥനകളും, ആശ്വാസദായകമായ ഉപദേശങ്ങളും, ദൈവത്തിലുള്ള ഭക്തിയും കാരണം പ്രസിദ്ധിയാര്‍ജിച്ച ഫാദര്‍ സള്ളിവന്‍ അയര്‍ലന്‍ഡില്‍ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. തന്റെ ഉള്ളിലെ ദൈവവിളിയെ അനുസരിച്ച്, സമ്പത്തും, ആഗ്രഹങ്ങളും ഉപേക്ഷിക്കുകയും തന്റെ ശേഷിച്ച ജീവിതം പൂര്‍ണ്ണമായും യേശുവിനായി മാറ്റുകയും ചെയ്ത ഫാദര്‍ സള്ളിവന്‍ ഇന്നും എല്ലാവരുടെയും മനസ്സില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് ഡബ്ലിന്‍ ബിഷപ്പ് ഡയര്‍മൂയിഡ് മാര്‍ട്ടിന്‍ പറഞ്ഞു.

1861-ല്‍ പ്രൊട്ടസ്റ്റന്‍റുകാരനായ എഡ്വാര്‍ഡ് സള്ളിവന്റേയും, കത്തോലിക്ക വിശ്വാസിയായിരിന്ന എലിസബത്ത് ബെയിലിയുടേയും മകനായി ഡബ്ലിനിലെ എക്ക്ലസ് എന്ന സ്ഥലത്താണ് ജോണ്‍ സള്ളിവന്‍ ജനിച്ചത്. ജനനം കൊണ്ട് ഒരു പ്രൊട്ടസ്റ്റന്റ് സഭാംഗമായിരുന്ന അദ്ദേഹം, പ്രൊട്ടസ്റ്റന്റ് സ്കൂളുകളില്‍ നിന്നായിരിന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 24-മത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.

1890കളുടെ തുടക്കത്തില്‍ വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ മതപരമായ കാഴ്ചപ്പാടില്‍ സാരമായ മാറ്റങ്ങള്‍ വരുത്തി. ക്രമേണ അദ്ദേഹം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും, മതബോധനക്ലാസ്സുകളില്‍ പങ്കെടുക്കുകയും ചെയ്തു. 1896-ല്‍ തന്റെ 35-മത്തെ വയസ്സിലാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. ഇതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈശോ സഭയില്‍ അംഗമായി.

പ്രാര്‍ത്ഥനയില്‍ ആനന്ദം കണ്ടെത്തിയ അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായും മറ്റുള്ളവരുടെ ക്ഷേമത്തിനായി മാറ്റിവെച്ചു. അയര്‍ലന്‍ഡിലെ കില്‍ദാരെ പ്രവിശ്യയിലുള്ള ക്ലോങ്ങോവ്സ് വുഡ് കൊളേജിലാണ് ഫാദര്‍ ജോണ്‍ സുള്ളിവന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. ദരിദ്രരേയും രോഗികളേയും സന്ദര്‍ശിക്കുന്നതിനു അദ്ദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല. അത്ഭുതകരമായ രീതിയില്‍ രോഗശാന്തി നല്‍കുവാന്‍ കഴിവുള്ള പ്രാര്‍ത്ഥനകളാണ് ഫാദര്‍ സള്ളിവനെ ശ്രദ്ധേയനാക്കിയത്. പൗരോഹിത്യ പട്ടം കിട്ടി അധികം താമസിയാതെ തന്നെ ഫാദര്‍ സുള്ളിവന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുക പതിവായിരിന്നു.

അവിടെ വെച്ച് ചര്‍മ്മാര്‍ബുദം ബാധിച്ച ഒരു സ്ത്രീയെ അദ്ദേഹം കണ്ടു. ആ രോഗം അവളില്‍ മാനസികമായ പ്രശ്നങ്ങള്‍ക്കും കാരണമാവുകയും, അവളെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു. ഫാദര്‍ സുള്ളിവന്‍ കുറേനേരം അവള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അത്ഭുതകരമായ രീതിയില്‍ അവളുടെ രോഗം മാറുകയും അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി തീരുകയും ചെയ്തു.

അനുതാപപരമായ ജീവിതം നയിക്കുന്നതിലും ആ പുരോഹിതന്‍ മുന്‍പിലായിരുന്നു. വെറും നിലത്ത് കിടന്നുറങ്ങുക, വളരെക്കുറച്ച് ഭക്ഷണം കഴിക്കുക, തന്റെ ബൂട്ടുകളില്‍ ചെറിയ കല്ലുകള്‍ ഇട്ടിട്ട് നടക്കുക, രാത്രി വളരെ കുറച്ച് മാത്രം ഉറങ്ങിയിട്ട് ബാക്കിയുള്ള സമയം മുഴുവന്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പതിവായിരുന്നു. 1933 ഫെബ്രുവരി 19-ന് തന്റെ 71-മത്തെ വയസ്സിലാണ് ഫാദര്‍ ജോണ്‍ സള്ളിവന്‍ മരണപ്പെടുന്നത്. സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്‍റെ കബറിടത്തിങ്കലേക്ക് നിരവധി ആളുകളാണ് കടന്ന്‍ വരുന്നത്.

1960-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഫാ. സള്ളിവനെ ദൈവദാസനായും 2014-ല്‍ ഫ്രാന്‍സിസ് പാപ്പാ ഇദ്ദേഹത്തെ ധന്യനായും പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാധ്യസ്ഥത്താല്‍ ഡബ്ലിനിലെ കാന്‍സര്‍ രോഗിയായ ഒരു സ്ത്രീക്ക് രോഗശാന്തി ലഭിച്ചത് വത്തിക്കാനിലെ നാമകരണ നടപടികളുടെ തിരുസംഘം 2016-ല്‍ അംഗീകരിച്ചിരിന്നു. ഇതേ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്.


Related Articles »