News - 2025
ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നാളെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക്
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
ന്യൂയോര്‍ക്ക്: ഫാത്തിമാ ദർശനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രയാണം നടക്കും. 'ഫാത്തിമാ ദിവ്യദർശനത്തിന്റെ ശതാബ്ദിയും അതു നല്കുന്ന സമാധാന സന്ദേശവും' എന്ന പേരിലാണ് പ്രാദേശികസമയം നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ യുഎൻ ആസ്ഥാനത്ത് പരിപാടി നടക്കുക.
സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശവുമായാണ് തിരുസ്വരൂപ പ്രയാണം നടത്തുന്നതെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന ജോണെറ്റെ ബെങ്കോവിക് പറഞ്ഞു. യുഎന്നിലെ പോർച്ചുഗലിന്റെ പ്രതിനിധി അൽവാരോ മെൻഡോൻസെ മൗറ, ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പസ്തോലിക് നൂണ്‍ഷ്യോയുമായ ആർച്ച് ബിഷപ്പ് ഡോ. ബെർണാഡിത്തോ ഔസ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സന്ദേശം നല്‍കും.
ഫാത്തിമ ദര്‍ശനത്തിലൂടെ ദൈവമാതാവ് നൽകിയ സമാധാന സന്ദേശത്തിലൂന്നിയായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് യുഎന്നിലെ വത്തിക്കാന്‍ നിരീക്ഷണ കാര്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ഫാ. റോജർ ലാന്റ്റി പറഞ്ഞു. തിരുസ്വരൂപ പ്രയാണത്തിന് നേതൃത്വം നല്കുന്ന ജോണെറ്റെ ബെങ്കോവിക് പരിശുദ്ധ കന്യകാമറിയത്തെ കുറിച്ച് പ്രഭാഷണം നടത്തും. നേരത്തെ 1952ൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തേക്ക് സമാധാനസന്ദേശവുമായി ഫാത്തിമമാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രയാണം നടത്തിയിരിന്നു.
![](/images/close.png)