News
ഫാത്തിമയില്‍ ജനസാഗരം: പ്രാര്‍ത്ഥനാപൂര്‍വ്വം ഫ്രാന്‍സിസ് പാപ്പയും
സ്വന്തം ലേഖകന്‍ 13-05-2017 - Saturday
പോര്‍ച്ചുഗല്‍: പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണയില്‍ ഫാത്തിമ. ലക്ഷകണക്കിനു തീര്‍ത്ഥാടകര്‍ ഒന്നുചേരുന്ന മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ ഫാത്തിമായില്‍ എത്തി. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ് ഈ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ പരിപാടി.
ഇന്നലെ മെയ് 12 വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30-ന് വത്തിക്കാനില്‍ നിന്നും യാത്രപുറപ്പെട്ട ഫ്രാന്‍സിസ് പാപ്പ 30 കി.മി. യാത്രചെയ്ത് റോമിലെ ഫ്യുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. ശേഷം കൃത്യം രണ്ടു മണിക്ക് അല്‍-ഇത്താലിയയുടെ എ321 വിമാനത്തില്‍ പോര്‍ച്ചുഗലിലേയ്ക്ക് യാത്രയായി.
മാർപാപ്പ സഞ്ചരിച്ച വിമാനം പോർച്ചുഗൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, സുരക്ഷയുടെ ഭാഗമായി പോർച്ചുഗീസ് വ്യോമസേനയുടെ രണ്ട് എഫ്-16 യുദ്ധവിമാനങ്ങൾ അനുഗമിച്ചിരുന്നു. വൈകുന്നേരം 4.30-ന് പോര്‍ച്ചുഗല്ലിലെ വ്യോമസേനയുടെ മോണ്ടെ റിയെലോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങി. പോർച്ചുഗലിന്റെയും വത്തിക്കാന്റെയും പതാകകൾ വീശി ആയിരങ്ങൾ വിമാനത്താവളത്തിനു പുറത്ത് മാർപാപ്പയെ വരവേറ്റു. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡിസൂസയും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു.
വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് കഴിഞ്ഞ്, പാപ്പാ അവിടത്തെ കപ്പേളയില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രസിഡന്റ്, മര്‍സേല്‍ റിബേലോ സൂസയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. പിന്നീട് വിമാനത്താവളത്തില്‍നിന്നും 40 കി.മി. അകലെയുള്ള ഫാത്തിമയിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ യാത്ര തിരിക്കുകയായിരിന്നു. വത്തിക്കാനിൽനിന്നു പ്രത്യേകം കരുതിയ പൂക്കൾ തിരുസ്വരൂപത്തിനുമുന്നിൽ സമര്‍പ്പിച്ച പാപ്പ വിശ്വാസികൾക്കൊപ്പം ജപമാലയിലും സന്ധ്യാപ്രാർഥനയിലും പങ്കെടുത്തു.
ഇന്ന് രാവിലെ പത്തിനു മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലി നടക്കും. തീർഥാടനകേന്ദ്രത്തിലെ പരിശുദ്ധ ത്രിത്വത്തിന്റെ ബസിലിക്കയുടെയും പരിശുദ്ധ ജപമാലമാതാ ബസിലിക്കയുടെയും മധ്യത്തിലുള്ള വിശാലമായ ചത്വരത്തിലാണ് ഇന്നു മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയും നാമകരണച്ചടങ്ങും നടക്കുന്നത്. ദിവ്യബലിമധ്യേ ജസീന്തയെയും ഫ്രാൻസിസ്കോയെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നാലുലക്ഷം തീർഥാടകരാണ് എത്തുന്നത്. എട്ടു കർദിനാൾമാരും 71 ബിഷപ്പുമാരും 2000 പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
![](/images/close.png)