Meditation. - May 2024

ക്രിസ്തുവിന്‍റെ സമ്പത്തു മുഴുവന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്; അതു സ്വന്തമാക്കുന്നവർ ഭാഗ്യവാൻമാർ

സ്വന്തം ലേഖകന്‍ 26-05-2022 - Thursday

"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ" ( 2 കോറി 8:9).

യേശു ഏകരക്ഷകൻ: മെയ് 26
ക്രിസ്തുവിന്‍റെ സമ്പത്തു മുഴുവന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്; അത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. ക്രിസ്തു തനിക്കു വേണ്ടിയല്ല, പ്രത്യുത നമുക്കു വേണ്ടിയാണു തന്‍റെ ജീവിതം നയിച്ചത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സമ്പത്ത് സ്വന്തമാക്കാൻ സാധിക്കും.

മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടിയുള്ള അവിടുത്തെ മനുഷ്യാവതാരം മുതല്‍, നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള അവിടുത്തെ മരണവും, നമ്മുടെ നീതീകരണത്തിനായുള്ള അവിടുത്തെ പുനരുത്ഥാനവും വരെ നമുക്കുവേണ്ടി അവിടുന്ന് ജീവിച്ചു. അവിടുന്ന് ഇപ്പോഴും പിതാവിന്‍റെ പക്കല്‍ നമുക്കുവേണ്ടി വാദിക്കുന്നവനാണ്. നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നും ജീവിക്കുന്നു. അവിടുന്നു, നമുക്കുവേണ്ടി ജീവിച്ചതും സഹിച്ചതുമെല്ലാം ദൈവത്തിന്‍റെ സന്നിധിയിലേക്കു സംവഹിച്ചുകൊണ്ട് എന്നും നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നിലകൊള്ളുന്നു.

തന്‍റെ ജീവിതം മുഴുവനിലും നമുക്കു മാതൃകയായി യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നു. തന്‍റെ ശിഷ്യത്വം സ്വീകരിച്ച്, തന്നെ അനുഗമിക്കുവാന്‍ നമ്മെ ക്ഷണിക്കുന്ന പരിപൂര്‍ണ മനുഷ്യനാണ് അവിടുന്ന്. തന്‍റെ വിനയത്തിലൂടെ നമുക്ക് അനുകരിക്കാനായി ഒരു മാതൃക അവിടുന്നു നല്‍കിയിരിക്കുന്നു; തന്‍റെ പ്രാര്‍ത്ഥന വഴി, പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു പ്രേരിപ്പിക്കുന്നു; തന്‍റെ ദാരിദ്ര്യജീവിതം വഴി, നമ്മുടെ ജീവിതമാര്‍ഗ്ഗത്തില്‍ നമുക്കു നേരിടേണ്ടിവരുന്ന ദൗര്‍ലഭ്യങ്ങളെയും പീഡനങ്ങളെയും സസന്തോഷം സ്വീകരിക്കുവാന്‍ അവിടുന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു.

മനുഷ്യാവതാരത്തിലൂടെ, ദൈവപുത്രന്‍ ഓരോ മനുഷ്യനുമായി വ്യക്തിപരമായി സംയോജിച്ചിരിക്കുന്നു. അവിടുത്തോടുകൂടി ഒന്നായിത്തീരാന്‍, നാം ക്ഷണിക്കപ്പെടുന്നു. ക്രിസ്തു തന്‍റെ ജീവിതത്തില്‍ അനുഭവിച്ചതെല്ലാം നാമും നമ്മുടെ ജീവിതത്തില്‍ അവിടുത്തോടൊത്ത് അനുഭവിക്കുവാന്‍ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു; അതേ ജീവിതം അവിടുന്നു നമ്മില്‍ നയിക്കുകയും അങ്ങനെ അവിടുത്തെ സമ്പത്തിൽ നമ്മെ പങ്കുകാരാക്കുകയും ചെയ്യുന്നു.

വിചിന്തനം
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിൽ വിശ്വസിക്കുവാനും, പ്രവർത്തികളിലൂടെ അവിടുത്തെ അനുഗമിക്കുവാനും അങ്ങനെ അവിടുത്തെ സമ്പത്തിൽ പങ്കുചേരുവാനും അവിടുന്ന് ലോകം മുഴുവനെയും ക്ഷണിക്കുന്നു. എന്നാൽ അനേകർ ഈ ക്ഷണം നിരസിച്ചുകൊണ്ട് കണ്ണുതുറക്കാത്തതും മനുഷ്യനിർമ്മിതവുമായ 'ദൈവങ്ങൾക്കു' പിന്നാലെ അലയുന്നു. അവരെല്ലാവരും, ക്രിസ്തു മാത്രമാണ് ലോകരക്ഷകൻ എന്ന സത്യം തിരിച്ചറിയുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »