Meditation. - May 2024

"നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ..?" കര്‍ത്താവിന്റെ ഈ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു

സ്വന്തം ലേഖകന്‍ 30-05-2022 - Monday

"എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും" (യോഹ 6:54)

യേശു ഏകരക്ഷകൻ: മെയ് 30
മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലതുഭാഗത്തിരിന്ന് നമ്മുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നവനായ യേശുക്രിസ്തു ഈ ഭൂമിയില്‍ വിവിധ രീതികളില്‍ സന്നിഹിതനായിരിക്കുന്നു. അവിടുത്തെ വചനത്തിലും, അവിടുത്തെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ സമ്മേളിക്കുന്ന പ്രാര്‍ത്ഥനകളിലും, ദരിദ്രരിലും, രോഗികളിലും, പീഡിതരിലും, അവിടുന്ന് സ്ഥാപിച്ച കൂദാശകളിലും അവിടുന്ന് സന്നിഹിതനാണ്. എന്നാല്‍ ഏറ്റവും ഉന്നതമായ രീതിയില്‍ അവിടുന്ന് ദിവ്യകാരുണ്യസാദൃശ്യങ്ങളില്‍ സന്നിഹിതനായിരിക്കുന്നു.

"എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" എന്ന യേശുവിന്റെ വാക്കുകള്‍ വിശുദ്ധ കുര്‍ബാന എന്ന വിലമതിക്കാനാവാത്ത നിധിയുടെ മഹത്വം വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരവും രക്തവുമായുള്ള സംസര്‍ഗ്ഗം, അതു സ്വീകരിക്കുന്നവനും കര്‍ത്താവുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നു. അവന്റെ ലഘുപാപങ്ങള്‍ക്ക് പൊറുതി ലഭിക്കുന്നു. അവനെ മാരകപാപങ്ങളില്‍ നിന്ന്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവുമായി കൂടുതല്‍ അടുക്കുകയും അവിടുത്തോടുള്ള സ്നേഹത്തില്‍ ആഴപ്പെടുകയും ചെയ്യുന്നു. അങ്ങനെ അവൻ നിത്യജീവനിലേക്കു പ്രവേശിക്കുന്നു.

വിശുദ്ധ കുര്‍ബാനയില്‍, കൂദാശകര്‍മ്മത്തിലൂടെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി തീരുന്ന സത്താഭേദം സംഭവിക്കുന്നു. കൂദാശ ചെയ്യപ്പെട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ സജീവനും മഹത്വപൂര്‍ണനുമായ ക്രിസ്തു തന്നെ സത്യമായും യഥാര്‍ത്ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവീകതയോടും കൂടെ സന്നിഹിതമാണ്.

ഈ സത്യം തിരിച്ചറിയാത്തവർ വിശുദ്ധ കുബ്ബാനക്കെതിരെ വിമർശനവുമായി രംഗത്തുവരുന്നത് നമ്മുക്കു കാണുവാൻ സാധിക്കും. ഇതിൽ നാം അസ്വസ്ഥതപ്പെടേണ്ടതില്ല. കാരണം ദിവ്യകാരുണ്യത്തെ കുറിച്ചുള്ള യേശുവിന്റെ പ്രഥമപ്രഖ്യാപനം ശിഷ്യൻമാരില്‍ ഒരു വിഭജനമുണ്ടാക്കി: "ഈ വചനം കഠിനമാണ്, ഇത് ശ്രവിക്കുവാന്‍ ആര്‍ക്ക് കഴിയും?" എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ഉപേക്ഷിച്ചു പോകുന്ന ചില ശിഷ്യന്മാരെ നമ്മുക്കു സുവിശേഷത്തിൽ കാണാം. ഇപ്രകാരം യേശുവിന്റെ ഭൗമിക ജീവിതകാലത്തു തന്നെ അവിടുത്തെ ഉപേക്ഷിച്ചു പോയവരുടെ പിൻഗാമികളാണ് ഇന്നും വിശുദ്ധകുർബ്ബാനയെ കുറ്റപ്പെടുത്തുന്നത്.

"ദിവ്യകാരുണ്യവും കുരിശും ഇടര്‍ച്ചയുടെ കല്ലാണ്. ഇത് ഒരു രഹസ്യമാണ്. എക്കാലവും ഭിന്നതയ്ക്ക് അവസരമായി ഇത് നിലനില്‍ക്കും. 'നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?' കര്‍ത്താവിന്റെ ഈ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. അവിടുത്തേക്കു മാത്രമേ 'നിത്യജീവന്റെ വചനം' ഉള്ളൂ എന്നും അവിടുത്തെ ദിവ്യകാരുണ്യത്തിന്റെ ദാനം വിശ്വാസത്തോടെ സ്വീകരിക്കുക എന്നത് അവിടുത്തെ തന്നെ സ്വീകരിക്കുക എന്നതാണെന്നും കണ്ടെത്താനുള്ള സ്നേഹമസൃണമായ ക്ഷണമാണ് കര്‍ത്താവിന്റെ ഈ വാക്കുകള്‍" (CCC 1336)

വിചിന്തനം
വിശുദ്ധ കുർബ്ബാന സ്ഥാപിച്ചുകൊണ്ട് എന്നും നമ്മോടോപ്പമായിരിക്കാൻ ആഗ്രഹിച്ച നമ്മുടെ കർത്താവിന്റെ സ്നേഹം നാം തിരിച്ചറിയണം. ഓരോ ദിവസവും ലോകത്ത് അഞ്ചു ലക്ഷത്തോളം ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു. ഓരോ വിശുദ്ധ ബലിയിലും ക്രിസ്തു തന്നെ സത്യമായും യഥാര്‍ത്ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവീകതയോടും കൂടെ സന്നിഹിതമാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ട് അവിടുത്തെ ശരീരവും രക്തവും സ്വീകരിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »