പൌരോഹിത്യം സ്വീകരിച്ചതിനു ശേഷം അധികം വൈകാതെ തന്നെ തന്‍റെ വീട്ടിൽ ലീവിന് വന്ന അച്ഛൻ അവിടെയുള്ള ഇടവക പള്ളിയിലെ തിരുനാളിൽ പങ്കെടുക്കുവാൻ പോകുന്നു. കുമ്പസാരിക്കാനുള്ളവരുടെ ക്രമാതീതമായ തിരക്ക് കാരണം ഇടവക വികാരി കുമ്പസാരത്തിന് ഇരിക്കാന്‍ കൊച്ചച്ചനോട് ആവശ്യപ്പെടുന്നു. അച്ഛന്‍ അത് അനുസരിക്കുകയും ചെയ്യുന്നു. കുറച്ചു സമയം കഴിഞ്ഞ്, വീട്ടിൽ പോകണമെന്ന ആഗ്രഹത്തോടെ തൻറെ മുൻപിലേക്ക് വരുന്ന വരിയുടെ വലുപ്പം കാണാനായി കുമ്പസാരക്കൂട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റ കാലിസ്റ്റ് പിതാവ് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.
കുമ്പസാരിക്കാനായി പിതാവിൻറെ അടുത്തേക്ക് വരുന്നവരുടെ വരിയിൽ സ്വന്തം അപ്പനും നിൽക്കുന്നു. വരിയിൽ നിൽക്കുന്നവരോട് എഴുന്നേറ്റു പോകാൻ പറയാനും വയ്യ, മുഴുവൻ ആൾക്കാരുടെ മുമ്പിൽ വെച്ചു സ്വന്തം അപ്പനോട് എന്തിനാ എന്റെയടുത്തു തന്നെ കുമ്പസാരിക്കാൻ വരുന്നതെന്ന് ചോദിക്കാനും വയ്യ. വല്ലാത്ത ഒരു സാഹചര്യം! എന്ത് തന്നെയായാലും വിഷമത്തോടെയിരുന്ന കാലിസ്റ്റ് പിതാവിന്റെയടുത്തു തന്നെ വന്ന് ആ നല്ല അപ്പൻ കുമ്പസാരിച്ചു പോയി. (ഒരു പക്ഷെ സ്വന്തം പിതാവിന്റെ കുമ്പസാരം കേട്ട ആദ്യത്തെ പുരോഹിതനാകാം കാലിസ്റ്റ് പിതാവ്).
വിചാരിച്ചതിലും ഏറെ നീണ്ട കുമ്പസാരമെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മറ്റു കുടുംബാംഗങ്ങൾ സ്വന്തം മകന്റെയടുക്കൽ കുമ്പസാരിക്കാൻ പോയതിന് ആ പിതാവിനെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിശ്ശബ്ദനായി ഒരു ചെറു പുഞ്ചിരിയോടെ ആ നല്ല പിതാവ് അവരുടെ കൂടെയിരിന്നു പറയുന്നതെല്ലാം കേള്‍ക്കുന്നു. “അവിടെ വേറെ എത്രയോ പുരോഹിതന്മാരുണ്ടായിരുന്നു, എന്തിനാ ഞാനിരുന്നിടത്തു തന്നെ വന്നത്?” വിഷമത്തോടെ കാലിസ്റ്റ് പിതാവും തന്‍റെ അപ്പച്ചനോട് ചോദ്യത്തിന് ഉത്തരം ആരാഞ്ഞു.
"ഒരു പുരോഹിതനായ നീയും ഇങ്ങനെ പറയുന്നോ? ഞാനെന്‍റെ ഈശോയുടെ അടുത്താണ് കുമ്പസാരിക്കാൻ പോയത്, എന്‍റെ ഈശോയോടാണ് ഞാനെല്ലാം പറഞ്ഞത്" തന്‍റെ ചോദ്യത്തിനുള്ള അപ്പച്ചന്‍റെ ഈ മറുപടി, ആ കൊച്ചു പുരോഹിതന്റെ കണ്ണുകളേ ഈറന്നണിയിച്ചു.
സ്വന്തം ഇടവകയിൽ കുമ്പസാരിക്കാനും അറിയാവുന്ന അച്ചന്റെ അടുക്കൽ പോകാനും മടി കാണിക്കുന്ന നമുക്കെല്ലാം ഒരു വലിയ മാതൃകയാണ് ഈ അപ്പച്ചൻ. ഇതുവരെ ഒരു പുരോഹിതനും കുമ്പസാര രഹസ്യം പരസ്യമാക്കിയതായി ചരിത്രമില്ല. ഈ നല്ല അപ്പച്ചനെപ്പൊലെ, നമ്മുടെ പാപങ്ങൾ ക്ഷമിക്കാനായി കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നമുക്കും കാണാൻ ശ്രമിക്കാം. എങ്കില്‍ മാത്രമേ കടും ചുവപ്പായ നമ്മുടെ പാപങ്ങൾ തൂമഞ്ഞു പോലെ വെളുക്കൂകയുള്ളൂ. പാപവിമോചന ശുശ്രൂഷയുടെ ദൈവീകത അനുഭവിക്കാൻ കഴിയുന്നത് അപ്പോള്‍ മാത്രമാണ്.
കരുണയുടെ ഈ വർഷത്തിൽ കുമ്പസാരം എന്ന കൂദാശയോടു നമുക്ക് കൂടുതൽ അടുക്കാം. കുമ്പസാരകൂട്ടിലിരിക്കുന്ന വൈദികനിലേക്കു നോക്കാതെ അവിടെ നമ്മെ കാത്തിരിക്കുന്ന കരുണാമയനായ ഈശോയെ കണ്ടെത്തുവാൻ നമുക്ക് കഴിയട്ടെ.
Life In Christ
കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നിങ്ങൾ കണ്ടിട്ടുണ്ടോ?
തോമസ് ചെറിയാൻ 21-12-2015 - Monday
2015 സെപ്റ്റംബർ മാസത്തിലെ ISAO കോണ്‍ഫറന്‍സ് നടന്നത് ബഹറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ്. സമർപ്പിത ജീവിതം നയിക്കുന്നവർക്കായി തിരുസഭ മാറ്റിവെച്ച പ്രാര്‍ത്ഥനാ വർഷത്തിൻറെ അവസാന നാളുകളായതിനാല്‍ തന്നെ അഭിഷിക്തരുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു അവിടെ. ഗൾഫ് രാജ്യങ്ങളിലെ രണ്ടു ബിഷപ്പുമാരെ കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന മാർ ഫ്രാൻസിസ് കാലിസ്റ്റ്, ഫിലിപ്പൈൻസിലെ ബിഷപ്പ് മാർ ജീസസ് കബ്രേറ എന്നിവരോടൊപ്പം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വലിയൊരു സംഘം ബഹ്‌റൈൻ കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു.
അവിടുത്തെ വചന ശുശ്രൂഷകൾ ഒന്നിനൊന്ന് മെച്ചപെട്ടതായിരുന്നെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു ജീവിത സാക്ഷ്യമായിരുന്നു ബഹുമാനപ്പെട്ട കാലിസ്റ്റ് പിതാവ് പങ്ക് വെച്ചത്.