News - 2025
ഹൈന്ദവനായി ജനനം, നിരീശ്വരവാദിയായി ജീവിതം: ഒടുവില്‍ റോബര്‍ട്ട് കൃഷ്ണ വൈദികനാകുന്നു
സ്വന്തം ലേഖകന്‍ 10-07-2017 - Monday
മെല്‍ബണ്‍: നിരീശ്വരവാദിയായി ജീവിതം ആരംഭിച്ചു ഒടുവില്‍ ക്രിസ്തുവിനെ അറിഞ്ഞു അവിടുത്തേക്ക് മാത്രം ജീവിതം സമര്‍പ്പിച്ച അനേകരെ നമ്മുക്ക് പരിചയമുണ്ട്. ഇതില്‍ നിന്ന് ഒരുപാട് വ്യത്യസ്ഥമാണ് റോബര്‍ട്ട് കൃഷ്ണയുടെ ജീവിതകഥ. ഹൈന്ദവ കുടുംബത്തിൽ ജനിച്ച് പിന്നീട് നിരീശ്വരവാദിയായി മാറിയ റോബര്‍ട്ട് കൃഷ്ണ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സെമിനാരി പഠനം പൂര്‍ത്തിയാക്കി വരുന്ന ജൂലൈ 15നു വൈദികനായി അഭിഷിക്തനാകുകയാണ്. ജീവിതത്തില്‍ പ്രതിസന്ധികളും നിരാശയും ബാക്കിയായപ്പോള്‍ ക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തിലേക്ക് റോബര്‍ട്ട് തിരിയുകയായിരിന്നു.
റോബർട്ട് കൃഷ്ണയുടെ കഥയാരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. ഹൈന്ദവ കുടുംബത്തില്‍ ജനിച്ച റോബര്‍ട്ട് പത്താം വയസ്സില്‍ തന്നെ യുക്തിവാദത്തിന് അടിമയാകുകയായിരിന്നു. പിന്നീട് പതിനെട്ടാം വയസ്സില്‍ ഡിഗ്രി പഠനത്തിനായി ആസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിൽ ചേർന്നുവെങ്കിലും ജീവിതത്തിന്റെ ശൂന്യത അദ്ദേഹത്തെ നിരാശയിലാഴ്ത്തി. 2001-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും വിഷാദരോഗം അദ്ദേഹത്തെ ബാധിച്ചിരിന്നു.
സ്വന്തം ജീവിതവും നിലപാടുകളും ഈ ലോകത്തിലെ മനുഷ്യ ജീവനു തന്നെയും എന്തെങ്കിലും വിലയുണ്ടോ എന്നതായിരുന്നു റോബര്‍ട്ട് കൃഷ്ണയെ അലട്ടികൊണ്ടിരിന്ന ചോദ്യം. കടുത്ത വിഷാദരോഗത്തിന്റെ മറ്റൊരു അവസ്ഥ. ദൈവത്തിന്റെ അസ്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മറ്റൊരു വശത്ത്. ചിന്തകളും ബോധ്യങ്ങളും മാറി മറിഞ്ഞ റോബര്‍ട്ട് കൃഷ്ണയുടെ ജീവിതത്തെ യേശു സ്പര്‍ശിക്കുകയായിരിന്നു. ലോകത്തിലെ മനുഷ്യർക്കെല്ലാം വിലയുണ്ടാകുന്നത് അനശ്വരനായ ദൈവത്തിന് മുൻപിലാണെന്ന ബോധ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.
Must Read: പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം
ചരിത്രപുരുഷനായ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ അവനെ സത്യദൈവത്തിലേക്ക് ആനയിച്ചു. കഥകളേക്കാൾ യേശുവിന്റെ സാന്നിധ്യമാണ് റോബർട്ടിൽ സ്വാധീനം ചെലുത്തിയത്. തുടര്‍ന്നു ഏക ദൈവമായ യേശു ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. ആംഗ്ലിക്കന്‍ ദേവാലയശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയ അദ്ദേഹം 2002 സെപ്റ്റബറിൽ മാമ്മോദീസ സ്വീകരിച്ചു ആംഗ്ലിക്കന്‍ സഭയില്‍ അംഗമായി. എന്നാല്‍ അവിടെയും റോബര്‍ട്ടിന്റെ പരിവര്‍ത്തനം അവസാനിച്ചിരിന്നില്ല.
സഭാപഠനങ്ങളനുസരിച്ച് സന്തോഷത്തോടെ ജീവിക്കുന്ന സിഡ്നി യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ യുവജനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. അവരുടെ ജീവിത മാതൃക അദ്ദേഹത്തെ വീണ്ടും ക്രിസ്തുവിലേക്കടുപ്പിച്ചു. വിശ്വാസത്തിലേക്കാഴ്ന്നിറങ്ങാതെ സംശയങ്ങൾ അവസാനിക്കില്ല എന്ന ഒരു ഡൊമിനിക്കന്‍ വൈദികന്റെ ചിന്ത അദ്ദേഹത്തെ കൂടുതല്‍ ആത്മശോധനക്കു വിധേയമാക്കി.
തുടര്‍ന്നു 2003-ല്‍ റോബര്‍ട്ട് കത്തോലിക്കസഭയില്‍ അംഗമായി തീരുകയായിരിന്നു. കൂദാശകൾ സ്വീകരിച്ചതോടൊപ്പം ഡൊമിനിക്കൻ വൈദികരുടെ പ്രാർത്ഥനകളും പ്രഘോഷണങ്ങളും റോബർട്ട് ഹൃദിസ്ഥമാക്കുവാന്‍ ആരംഭിച്ചു. വി. അഗസ്റ്റിന്റെ ജീവിതത്തിൽ ആകൃഷ്ടനായി യുവജനങ്ങളെ നയിക്കുവാനുള്ള തീവ്രമായ അഭിലാഷമായിരിന്നു അദ്ദേഹത്തിന് ഉണ്ടായിരിന്നത്.
You May Like: ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന് നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക് മൊണ്ടഗെനര്‍
കരുണയുടെ ദൂതന്മാരും യേശുവിന്റെ പരിഹാരബലിയുടെ സാക്ഷികളുമാണ് ക്രൈസ്തവർ എന്ന ആശയം ഉള്‍കൊണ്ട റോബര്‍ട്ട് കൃഷ്ണ തുടര്‍ന്നു ഡൊമിനിക്കന്‍ സഭയില്‍ അംഗമായി സെമിനാരി പഠനം ആരംഭിക്കുകയായിരിന്നു. 2016ൽ ഡൊമിനിക്കൻ സഭയുടെ എണ്ണൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ബിഷപ്പ് അന്തോണി ഫിഷർ, ബ്ര. റോബർട്ടിന് ഡീക്കൻ പദവി നല്കി.
ഈ വരുന്ന ജൂലൈ 15 ന് ബ്രോഡ്വേയിലെ ബനഡിക്റ്റ് ദേവാലയത്തില്‍ വെച്ചു സിഡ്നി ആര്‍ച്ച് ബിഷപ്പ് അന്തോണി ഫിഷറില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു റോബര്‍ട്ട് കൃഷ്ണ ക്രിസ്തുവിന്റെ പ്രതിപുരുഷ സ്ഥാനം ഏറ്റെടുക്കും. അന്വേഷണങ്ങൾക്കൊടുവിൽ സത്യത്തിന്റെയും നന്മയുടേയും പൂർണത യേശുവിൽ കണ്ടെത്തിയ സന്തോഷത്തിലാണ് ഇന്ന് ബ്രദർ റോബർട്ട് കൃഷ്ണൻ.