News - 2024

ഇറാഖില്‍ ഐ‌എസ് തകർത്ത കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ പുനഃസ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍ 22-07-2017 - Saturday

ഇർബിൽ: ഇറാഖില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർത്ത പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ ഫ്രഞ്ച് കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിൽ പുന:സ്ഥാപിക്കും. ഇറാഖി ക്രൈസ്തവരെ സ്വദേശത്ത് പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി എഉവരെ ഡി ഓറിയന്റ് എന്ന ഫ്രഞ്ച് സംഘടനയുടേതാണ് ഉദ്യമം. പദ്ധതിയുടെ ഭാഗമായി ലൂർദിൽ നിന്നും പതിനഞ്ച് രൂപങ്ങൾ കുർദിസ്ഥാൻ പ്രവശ്യയിലെ ക്രൈസ്തവ കേന്ദ്രമായ അങ്കാവയിലേക്ക് അയച്ചു.

കൽദായ- സിറിയൻ കത്തോലിക്കരുടെ നേതൃത്വത്തിൽ തിരുസ്വരൂപങ്ങൾ നഗരത്തിലൂടെ പ്രദക്ഷിണമായി കൊണ്ട് വന്ന് ആശീർവദിച്ചതിന് ശേഷം ദേവാലയങ്ങളിലേക്ക് എത്തിക്കും. നിന്‍െറ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന് ജറെമിയാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നതിന് സാക്ഷ്യമായിരിക്കും എർബിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദക്ഷിണമെന്ന് എഉവരെ ഡി ഓറിയന്റ് എന്ന സംഘടന അറിയിച്ചു.

അതേ സമയം, ഇറാഖിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കേണ്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടെന്ന് സംഘടനാ വക്താവ് വ്യക്തമാക്കി. ഐ എസ് അധിനിവേശം മൂലം നിനവേ പ്രദേശത്തു നിന്നും പാലായനം ചെയ്ത കത്തോലിക്കരില്‍ ഭൂരിഭാഗവും ഇർബിലാണ് തുടരുന്നത്. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം വരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ മൂന്നു ലക്ഷത്തോളമായി കുറഞ്ഞതായാണ് ചൂണ്ടികാണിക്കുന്നത്.


Related Articles »