News - 2024

പാക്കിസ്ഥാനില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമായി കാരിത്താസ്

സ്വന്തം ലേഖകന്‍ 24-07-2017 - Monday

ഇസ്ലാമാബാദ്: മഴകെടുതിയെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ഖയിബർ പകതുൻഖവയിലേക്ക് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. എഴുനൂറോളം ക്രൈസ്തവ കുടുംബങ്ങളെ സഹായിക്കാനാണ് കാരിത്താസ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് സംഘടനയിലൂടെ ആവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന വിവരവും പാക്കിസ്ഥാൻ കാരിത്താസ് എക്സിക്യൂട്ടീവ് ഡയറക്ടർ അമ്ജദ് ഗുൽസാര്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് സംഘടനയുടെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 26 മുതൽ ആരംഭിച്ച മഴകെടുതിയുടെ തീവ്രതയെക്കുറിച്ച് ഗവൺമെന്റും യുഎന്നും രാജ്യത്തെ ഏഴ് രൂപതകളിലും മുന്നറിയിപ്പ് നല്കിയിരിന്നു. ജൂലൈ 18 വരെയുള്ള ദേശീയ ദുരന്ത നിവാരണസമിതിയുടെ കണക്കുകൾ പ്രകാരം എൺപത്തിരണ്ടു പേർ മരണപ്പെടുകയും നൂറ്റിപ്പതിനേഴോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

നൂറ്റിയിരുപതോളം വീടുകൾ നാശനഷ്ടത്തിനിരയായി. പേമാരിയും വെള്ളപ്പൊക്കവും തുടരുന്ന സഹചര്യത്തിൽ അവ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കുകയാണ് ലക്ഷ്യമെന്ന് ഗുൽസാർ പറഞ്ഞു. അതേ സമയം ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ സേവനത്തിനായി കാരിത്താസ് സംഘടന എണ്ണൂറോളം സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. 2015 ലെ പ്രളയബാധയിൽ കാരിത്താസ് സംഘടന ആയിരത്തോളം കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കിയിരിന്നു.


Related Articles »