News - 2025

ഈശോയേ സ്വീകരിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി: ദിവ്യകാരുണ്യാനുഭവം ട്വിറ്ററിൽ പങ്കുവച്ച് അമേരിക്കന്‍ നടി

സ്വന്തം ലേഖകന്‍ 01-08-2017 - Tuesday

ന്യൂയോര്‍ക്ക്: വിശുദ്ധ കുര്‍ബാന മദ്ധ്യേ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തനിക്ക് ഉണ്ടായ ആത്മീയ അനുഭവത്തെ പങ്കുവെച്ച് അമേരിക്കന്‍ മോഡലും നടിയുമായ പട്രീഷ്യ ഹീറ്റൺ. ഈശോയെ സ്വീകരിച്ച് മുട്ടുകുത്തിയപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നാണ് പട്രീഷ്യ ഹീറ്റൺ ട്വിറ്ററിൽ കുറിച്ചത്. 'എവരിബഡി ലവ്സ് റയ്മണ്ട് ', 'ദി മിഡിൽ' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് പട്രീഷ്യ.

കൂദാശകളോടുള്ള തന്റെ വികലമായ കാഴ്ചപ്പാടിനെ പ്രതി അസ്വസ്ഥയായിരുന്നുവെങ്കിലും ദൈവം തന്നെയും സ്നേഹിക്കുന്നുവെന്നും പട്രീഷ്യ മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തി. ബലിയർപ്പണത്തിൽ വിശ്വാസരാഹിത്യത്തോടെ സംബന്ധിച്ചതിന്റെ ഖേദവും പട്രീഷ്യ ഹീറ്റൺ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയായി വളർന്ന പട്രീഷ്യ അനുദിനം അമ്മയോടൊപ്പം വിശുദ്ധ ബലിയിൽ പങ്കെടുത്തിരുന്നു. എന്നാൽ പന്ത്രണ്ടാം വയസ്സിൽ ആകസ്മികമായി ഉണ്ടായ അമ്മയുടെ മരണം പട്രീഷ്യയെ നിരാശയിലേക്ക് നയിക്കുകയായിരിന്നു.

കടുത്ത മാനസിക സംഘർഷത്തിനടിമയായ താന്‍ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചിരിന്നുവെന്ന്‍ പട്രീഷ്യ നേരത്തെ വെളിപ്പെടുത്തിയിരിന്നു. പിന്നീട് വിശുദ്ധ പാട്രിക്കിന്റെയും വിശുദ്ധ ജോസഫിന്റെയും മാധ്യസ്ഥം തേടിയാണ് പട്രീഷ്യ ഹീറ്റൺ ചികിത്സകൾക്കു വിധേയമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതയായതിനെ തുടർന്ന് രണ്ടാമത്തെ വിവാഹത്തിന് ശേഷം സ്വയം പ്രഖ്യാപിത പ്രൊട്ടസ്റ്റന്റ് ചിന്തകളുമായി കഴിയുകയായിരിന്നു.

അഭിനയത്തെ മാത്രം ആരാധിച്ചിരുന്ന തനിക്ക് ദൈവത്തിന് ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകണമെന്ന ബോധ്യമുണ്ടായെന്ന്‍ പിന്നീടാണെന്ന്‍ പട്രീഷ്യ പറയുന്നു. തുടര്‍ന്നു ഓപ്പുസ് ദേയിയിലെ വൈദികനെ സമീപിക്കുകയും വീണ്ടും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയുമായിരിന്നു. കത്തോലിക്കാ സഭയിലേക്കുള്ള തിരിച്ചു വരവ് ആനന്ദകരവും മനോഹരവുമാണെന്നാണ് പട്രീഷ്യ വിശേഷിപ്പിക്കുന്നത്. പട്രിഷ്യ ഹീറ്റണിന്റെ സഹോദരിമാർ നാഷ്വില്ലേ ഡൊമിനിക്കൻ സന്യാസസമൂഹംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്.


Related Articles »