India - 2025
മദ്യവര്‍ജനം പറയുന്നവര്‍ മദ്യശാലകള്‍ സ്ഥാപിച്ച് സ്വയം അവഹേളിതരാകുന്നു: കെസിബിസി മദ്യവിരുദ്ധസമിതി
സ്വന്തം ലേഖകന്‍ 05-08-2017 - Saturday
പാലാ: മദ്യവർജനം പറയുന്നവർ യഥേഷ്ടം മദ്യശാലകൾ അനുവദിച്ച് മസ്വയം അവഹേളിതരാകുകയാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം. ദേശീയ-സംസ്ഥാന പാതകളുടെ പദവിമാറ്റവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നീക്കം രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാന വിധികളെ അപ്രസക്തമാക്കുവാനുള്ള നീക്കമാണെന്നും ഇതിനെ നിയമപരമായിതന്നെ നേരിടേണ്ടതാണെന്നും യോഗം വിലയിരുത്തി.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നിമിത്തം ഓരോ വർഷവും കൊല്ലപ്പെടുന്നതും അപകടപ്പെടുന്നതുമായ മനുഷ്യജീവനുകളുടെ കണക്കുകളുടെ അടിസ്ഥാനമാണ് സുപ്രീംകോടതിയുടെ രണ്ടുവിധികളിലും അർഥശങ്കക്കിടയില്ലാതെ വ്യക്തമായത്. പദവിയോ ബോർഡോ മാറ്റിയാൽ ഈ സാഹചര്യം മാറുന്നില്ല. മദ്യശാലകളുടെ ഭാഗിക നിരോധനത്താൽ കഴിഞ്ഞ ഒരു വർഷക്കാലത്തിലധികമായി ഈ സാഹചര്യങ്ങളോട് പൂർണമായും യോജിച്ചുവന്ന ഒരു ജനതയുടെമേൽ മദ്യശാലകൾ അടിച്ചേൽപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കം അതീവഗൗരവത്തോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.
ടൂറിസം മേഖലയിലെ തിരിച്ചടിക്ക് കാരണം മദ്യശാലകളുടെ നിരോധനമാണെന്ന തത്പരകക്ഷികളുടെ പ്രചരണം ശുദ്ധ അസംബന്ധമാണ്. പാതിരാവിൽ പ്രഖ്യാപിക്കുന്ന ഹർത്താലുകളും അതിക്രമങ്ങളും സുരക്ഷിതമില്ലായ്മയുമാണ് കേരള ടൂറിസം മേഖല പിന്നോട്ടടിക്കാൻ മുഖ്യകാരണമെന്ന് മനസിലാവും. യഥേഷ്ടം മദ്യശാലകൾ അനുവദിച്ച് മദ്യവർജനം പറയുന്നവർ സ്വയം അവഹേളിതരാകുകയാണ്. വർജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നതിലെ രഹസ്യാത്മകതയാണ് പാതകളുടെ പദവിമാറ്റ നീക്കവും ഓർഡിനൻസെന്നും യോഗം വിലയിരുത്തി.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശേരി, തോമസുകുട്ടി മണക്കുന്നേൽ തുടങ്ങീ നിരവധി പേര് യോഗത്തിൽ പ്രസംഗിച്ചു.
അതേ സമയം കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ഇന്നു മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നണി ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അറിയിച്ചു. സത്യഗ്രഹം ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും.
കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യനിരോധന സമിതി, സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി, എസ് വൈഎസ്, കെഎൻഎം, ഐഎസ്എം, ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി, ആർട് ഓഫ് ലിവിംഗ്, ഗുരുധർമ പ്രചാരണസഭ, കേരള ലഹരി നിർമാർജനസമിതി, ഏകതാപരിഷത് എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്നാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.