News - 2024

ഇറാഖിന്റെ പുനരുദ്ധാരണത്തിന് ഡൊമിനിക്കൻ സന്യാസിനി സമൂഹം വീണ്ടും മൊസൂളിലേക്ക്

സ്വന്തം ലേഖകന്‍ 10-08-2017 - Thursday

ബാഗ്ദാദ്: യുദ്ധഭീതിയൊഴിഞ്ഞ ഇറാഖിലെ സേവനം പുനരാരംഭിക്കുവാന്‍ ഡൊമിനിക്കൻ സന്യാസിനി സമൂഹം ഒരുങ്ങുന്നു. വ്യാപകമായ നാശനഷ്ട്ടവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നിലനില്ക്കുന്ന സാഹചര്യത്തിലും ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ബോധ്യമാണ് ഇറാഖിലേക്ക് പുറപ്പെടാൻ തങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് സന്യാസ സമൂഹത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഇറാഖിന്റെ വിവിധ മേഖലകളിൽ നിന്നും സിയന്നയിലെ വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള ഡൊമിനിക്കൻ സന്യസ്ഥർ കുടിയൊഴിക്കപ്പെട്ടത്.

ഐ.എസ് അധീനതയിൽ നിന്നും മൊസൂള്‍ നഗരം വിമുക്തമാക്കിയെങ്കിലും പ്രദേശത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. അതിനാല്‍ തീരുമാനം ദൈവഹിതത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. ദൈവം നമ്മോടൊപ്പമുണ്ട്. അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയില്ല. തങ്ങളോടൊപ്പം പലായനം ചെയ്ത കുടുംബങ്ങൾക്കും തിരികെ മൊസൂളിലേക്ക് പോകുവാൻ ധൈര്യം ലഭിക്കട്ടെയെന്നും സന്യാസ സമൂഹം കത്തില്‍ ആശംസിച്ചു.

ക്വാരഖോഷിലെ സന്യാസ മഠവും അനാഥാലയവും തകർക്കപ്പെട്ടെങ്കിലും മറ്റൊരു ഭവനത്തിൽ പ്രവർത്തമാരംഭിക്കാനാണ് സന്യാസ സമൂഹത്തിന്റെ തീരുമാനം. ക്രൈസ്തവ കേന്ദ്രങ്ങൾക്കു സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങൾ വലുതാണെന്ന സത്യം തിരിച്ചറിഞ്ഞു സമൂഹത്തിന്റെ മുറിവുകൾ ദൈവത്തിന്റെ സ്നേഹത്താൽ ഉണക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്യസ്തർ മടങ്ങുന്നത്.

അതേ സമയം ഇറാഖില്‍ പുനരുദ്ധാരണ പ്രവർത്തങ്ങൾ പുനരാരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധി വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയാണ്. രണ്ടര ലക്ഷത്തോളം കുടുംബങ്ങൾ ഇറാഖിൽ തിരികെയെത്തിയിട്ടുണ്ടെന്നാണ് ഇറാഖി ഗവൺമെൻറ് അവകാശപ്പെടുന്നത്. ചര്‍ച്ച് ഇന്‍ നീഡ്, എയിഡ് ടു ചര്‍ച്ച്, നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങീ നിരവധി ക്രൈസ്തവ സംഘടനകളാണ് ഇറാഖി നഗരത്തിന്റെ പുനരുദ്ധാരണത്തിനായി ശ്രമിക്കുന്നത്. അടുത്തിടെ നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന ഇറാഖിന്റെ പുനരുദ്ധാരണത്തിനായി 2 മില്യണ്‍ ഡോളര്‍ വകയിരുത്തിയിരിന്നു.


Related Articles »