News

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കാള്‍ ഭേദം മരണം: പാക്കിസ്ഥാനില്‍ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ 17-08-2017 - Thursday

ലാഹോര്‍: പാക്കിസ്ഥാനിൽ ജയിലില്‍ പ്രവേശിപ്പിച്ച ക്രൈസ്തവ വിശ്വാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ദര്‍യാസ് ഗുലാം എന്ന വിശ്വാസിയാണ് കഴിഞ്ഞ ഞായറാഴ്ച തടവറയില്‍ മരണപ്പെട്ടത്. നേരത്തെ യോഹന്നാബാദ് ദേവാലയം താലിബാൻ ആക്രമണത്തിനു ഇരയായതിനെ തുടർന്ന് നടന്ന സമരങ്ങൾക്കിടയിലാണ് ഗുലാം അറസ്റ്റിലായത്. ഇസ്ലാം മതം സ്വീകരിക്കുന്ന പക്ഷം വിട്ടയ്ക്കാമെന്ന് ഗുലാമിനെ പ്രോസിക്യൂഷൻ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയായിരിന്നു.

ക്ഷയരോഗം മൂലം മരണപ്പെട്ടുവെന്നാണ് ജയിലധികൃതരുടെ ഭാഷ്യം. എന്നാല്‍, ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളും കണ്ടുവെന്ന് ഭാര്യയും മകളും ഇതിനോടകം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മർദ്ധനത്തിനിരയായ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടെന്നും അഴിക്കുള്ളിലകപ്പെട്ട അദ്ദേഹത്തിന് വൈദ്യസഹായവും നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യം എഴുപതാം സാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് തൊട്ട് മുൻപാണ് മുപ്പത്തിയെട്ടുകാരനായ ഇന്ദര്‍യാസ് ഗുലാമിന്റെ മരണവാർത്ത ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പുറം ലോകത്തെ അറിയിച്ചത്.

ഇസ്ലാം മതസ്ഥരുടെ പീഡനങ്ങൾക്കു നടുവിലും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ധീരമാതൃകയായാണ് ഗുലാമിനെ പ്രദേശവാസികള്‍ വിശേഷിപ്പിച്ചത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുക എന്നതിനേക്കാൾ മരണം തിരഞ്ഞെടുത്ത രക്തസാക്ഷിയാണ് ഇന്ദ്രയാസ് ഗുലാമെന്നു ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിൽസൺ ചൗധരി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗം നീതിയ്ക്കായുള്ള പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും വിൽസൺ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ ഗുലാമിനെ കൂടാതെ നാലോളം ക്രൈസ്തവരും പോലീസ് കസ്റ്റഡിയിൽ വധിക്കപ്പെട്ടിട്ടുണ്ട്.


Related Articles »