News

സിസ്റ്റര്‍ റൂ​​​​ത്ത് ഫൗ ഇനി ഓര്‍മ്മ: പാക്കിസ്ഥാനില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുന്ന ആദ്യ ക്രൈസ്തവവനിത

സ്വന്തം ലേഖകന്‍ 20-08-2017 - Sunday

കറാച്ചി: കുഷ്ഠരോഗികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച് പാക്കിസ്ഥാനിന്‍റെ മദര്‍ തെരേസ എന്ന വിശേഷണത്തിന് അര്‍ഹയായ സിസ്റ്റര്‍ ​​​​റൂ​​​​ത്ത് ഫൗവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കറാച്ചിയിലെ സദറിലുള്ള സെന്‍റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു ക്രിസ്ത്യന് വനിതയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന്‍ വിടചൊല്ലുന്നത്. സിസ്റ്റര്‍ ​​​​റൂത്തിനോടുള്ള ആദരസൂചകമായി മൂന്നു സേനകളും ചേര്‍ന്നു 19 ഗണ്‍ സല്യൂട്ട് നല്കി.

ദേശീയ പതാക പുതപ്പിച്ച ശവമഞ്ചം പട്ടാളക്കാരാണു ചുമന്നത്. സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ, പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍, പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേജ് ബജ്വ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. കറാച്ചിയിലെ ഏറ്റവും പഴക്കമുള്ള ശ്മശാനമായ ഖോര കബറിസ്ഥാനിലാണു മൃതദേഹം സംസ്‌കരിച്ചത്.

കുഷ്ഠരോഗം ഉന്മൂലനം ചെയ്യുന്നതില്‍ ഡോ. റൂത്ത് നല്കിയ സേവനങ്ങള്‍ക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഷഹീദ് അബ്ബാസി പറഞ്ഞു. കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ പേര് ഡോ. റൂത്ത് ആശുപത്രി എന്നാക്കിമാറ്റുമെന്ന് സിന്ധ് മുഖ്യമന്ത്രി ഷായും ഇതിനോടകം അറിയിച്ചിട്ടുണ്ട്.

വിശുദ്ധ മദര്‍ തെരേസായെപ്പോലെ ഭാരതത്തില്‍ അശരണര്‍ക്കും നിരാലംബര്‍ക്കുമിടയില്‍ സേവനമനുഷ്ഠിക്കാനാണ് നിയോഗിതയായത്. എന്നാല്‍ ഭാരതത്തിലേക്കുള്ള യാത്രാ മധ്യേ വിസാ പ്രശ്‌നം മൂലം പാക്കിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയില്‍ സിസ്റ്ററിന് യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

പിന്നീട് തന്റെ കര്‍മരംഗം സിസ്റ്റര്‍ പാക്കിസ്ഥാനില്‍ ആക്കുകയായിരിന്നു. കറാച്ചി നഗരത്തിലെ എണ്ണമറ്റ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥയാണ് തീരുമാനത്തിന് ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ റൂത്തിനെ പ്രേരിപ്പിച്ചത്. 1960-ലാണ് സിസ്റ്റര്‍ റൂത്ത് ഫൗ പാക്കിസ്ഥാനിലെത്തുന്നത്.

1962-ല്‍ കറാച്ചിയില്‍ സിസ്റ്റര്‍ ആരംഭിച്ച ‘മാരി അഡലെയ്ഡ് ലെപ്രസി സെന്റര്‍’ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ശക്തമായ മുന്നേറ്റമായിരിന്നു. താമസിയാതെ സെന്ററിന്റെ ശാഖകള്‍ പാക്കിസ്ഥാനിലെ മുഴുവന്‍ പ്രവിശ്യകളിലും വ്യാപിപ്പിക്കുകയായിരിന്നു.

അമ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ചികിത്സയും സാന്ത്വനവും നല്‍കാന്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. 1996-ല്‍ ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗവിമുക്ത രാജ്യമായി പ്രഖ്യാപിച്ചപ്പോള്‍ അത് സിസ്റ്റര്‍ റൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം നല്‍കിയ അംഗീകാരമായിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിക്ക് അര്‍ഹയായ കന്യാസ്ത്രീ കൂടിയായിരിന്നു സിസ്റ്റര്‍ ​​​​റൂ​​​​ത്ത്.


Related Articles »