News - 2025
‘മദര്‍ തെരേസ ആന്‍ഡ് മി’: സിനിമയിലെ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടി വിശുദ്ധയുടെ പോസ്റ്റുലേറ്റർ രംഗത്ത്
പ്രവാചകശബ്ദം 06-10-2023 - Friday
ന്യൂയോർക്ക്: കമാല്‍ മുസലെ രചനയും സംവിധാനവും നിര്‍വഹിച്ച അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതകഥ പറയുന്ന ‘മദര്‍ തെരേസ ആന്‍ഡ് മി’ എന്ന സിനിമയില്‍ നിര്‍മ്മാതാക്കള്‍ ഗുരുതര പിഴവുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായി വിശുദ്ധയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബ്രിയാന്‍ കൊളോഡിയെജ്ചുക്ക് രംഗത്ത്. എല്ലാവരും ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെ സമീപിച്ചതില്‍ നിര്‍മ്മാതാക്കള്‍ ഗുരുതരമായ നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ടെന്നു സെപ്റ്റംബര്‍ 28ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ ഫാ. ബ്രിയാന്‍ ആരോപിച്ചു.
സുവിശേഷത്തിനും, പാവങ്ങള്‍ക്കും, രോഗികള്‍ക്കും വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ച ശേഷവും വിശുദ്ധ തന്റെ ജീവിതത്തില്‍ അനുഭവിച്ച ചില വിശ്വാസ സംശയങ്ങൾ എന്ന രീതിയിലുള്ള അവതരണത്തിൽ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മദര്‍ തെരേസ സെന്ററിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ബ്രിയാന്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായി ഗര്‍ഭവതിയായ കവിത എന്ന യുവതി തന്റെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലാവുന്നതും, ഇന്ത്യയിലെ തന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയ കവിതയോട് അവളുടെ പ്രായമായ മുത്തശ്ശി കൊല്‍ക്കത്തയുടെ തെരുവുകളില്‍ മദര്‍ തെരേസ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം.
ഇതിൽ എങ്ങനെയാണ് മദറിന് തന്റെ വിശ്വാസം നഷ്ടപ്പെട്ടതെന്നു പ്രതിപാദ്യമുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നാണ് ഫാ. ബ്രിയാന്‍ പറയുന്നത്. മദര്‍ തെരേസയുടെ എഴുത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ജീവിതത്തില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തിയിരുന്നില്ലെന്നതാണ് മദറിനെ സംബന്ധിച്ച ഏറ്റവും വലിയ കാര്യമെന്നു ഫാ. ബ്രിയാന്‍ പറഞ്ഞു. ദൈവവുമായുള്ള അവളുടെ ബന്ധത്തെ ഒരിക്കലും തകരാത്ത ഐക്യത്തേക്കുറിച്ച് മദറിന്റെ വ്യക്തിപരമായ കത്തില്‍ പറയുന്നുണ്ട്. അവളുടെ സംശയങ്ങള്‍ വിശ്വാസ നഷ്ടത്തേയല്ല സൂചിപ്പിക്കുന്നത്, മറിച്ച് അവളുടെ വിശ്വാസത്തിന്റെ ആഴത്തേയാണ് സൂചിപ്പിക്കുന്നതെന്നും “എന്റെ മനസ്സും ഹൃദയവും സ്ഥിരമായി ദൈവത്തോടൊപ്പമുണ്ട്" എന്ന മദറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫാ. ബ്രിയാന്‍ വ്യക്തമാക്കി.