Faith And Reason - 2025
വിചാരണ നേരിടുന്ന അമേരിക്കന്‍ പ്രോലൈഫ് പ്രവര്‍ത്തകനു വേണ്ടി വിശുദ്ധ മദര്‍ തെരേസയുടെ കല്ലറയില്‍ പ്രാര്‍ത്ഥന
പ്രവാചകശബ്ദം 21-10-2022 - Friday
വാഷിംഗ്ടണ്‍ ഡി.സി: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയെ അടക്കം ചെയ്തിരിക്കുന്ന കൊല്‍ക്കത്തയിലെ കല്ലറയില്‍ തങ്ങളുടെ കുടുംബ ഫോട്ടോയും വെച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ കുറ്റാന്വോഷണ ഏജന്‍സിയായ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകന്‍. മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികള്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നു ഏഴു കുട്ടികളുടെ പിതാവും, നാല്‍പ്പത്തിയെട്ടുകാരനുമായ മാർക്ക് ഹുക്ക് പറയുന്നു. തന്റെ ജീവിതകാലയളവില്‍ ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരിന്നു മദര്‍ തെരേസ. ബോസ്റ്റണില്‍ സംഘടിപ്പിച്ച ‘മെന്‍സ് മാര്‍ച്ച്’ എന്ന പ്രോലൈഫ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലാഡെല്‍ഫിയായിലെ ഒരു പാരന്റ്ഹുഡ് ക്ലിനിക്കിലെ എസ്കോര്‍ട്ട് ജീവനക്കാരനെ ആക്രമിച്ചുവെന്ന്‍ ആരോപിച്ചാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ സ്വന്തം വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേ എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തത്.
താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും, പന്ത്രണ്ടുകാരനായ തന്റെ മകനെ അസഭ്യം പറയുന്നതില്‍ നിന്നും എസ്കോര്‍ട്ട് ജീവനക്കാരനെ തടയുകമാത്രമാണ് ചെയ്തതെന്നും ഹുക്ക് വെളിപ്പെടുത്തിയിരിന്നു. അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ മുന്നില്‍ നിന്ന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതു അദ്ദേഹത്തിന്റെ പതിവായിരിന്നു. അതേസമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതു മുതല്‍ നിയമസാമാജികര്‍, വൈദികര്‍, പ്രോലൈഫ് പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും, ‘എഫ്.ബി.ഐ’യും നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി മെത്രാന്‍മാരും ഹുക്കിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12-ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനായി 3,82,000 ഡോളറിന്റെ ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിനും ആരംഭമായിട്ടുണ്ട്. ഭ്രൂണഹത്യയുടെ അവസാനത്തിനും, പുരുഷന്‍മാരോട് ജീവനു വേണ്ടി നിലകൊള്ളുവാനും ആഹ്വാനം ചെയ്തുകൊണ്ട് വര്‍ഷം തോറും നടത്തിവരാറുള്ള പ്രോലൈഫ് മാര്‍ച്ചാണ് “ദി നാഷണല്‍ മെന്‍’സ് മാര്‍ച്ച്”.
കഷ്ടപ്പാടുകള്‍ക്കിടയിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് 'ദ കിംഗ്സ് മെൻ' എന്ന മിനിസ്ട്രിയുടെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. “ഭയപ്പെടരുത്. എനിക്ക് സംഭവിക്കുന്നത് നല്ലതാണ്. ദൈവത്തിന്റെ വിശുദ്ധ ഹിതത്തിലാണോ നമ്മള്‍ എന്ന് അറിയുവാനുള്ള ഒരു മാര്‍ഗ്ഗമാണിത്” എന്ന് പറഞ്ഞ ഹുക്ക് അവര്‍ നമ്മുടെ പിറകേ വരുമ്പോഴും, നമ്മളെ അടിച്ചമര്‍ത്തുമ്പോഴും നമ്മള്‍ ദൈവത്തിന്റെ ഹിതത്തിലാണെന്ന് മനസ്സിലാക്കാമെന്നും കൂട്ടിച്ചേര്‍ത്തു. അറസ്റ്റിനു ശേഷം നിരവധി പേര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും, താനൊരു നല്ല കത്തോലിക്കനല്ലെന്ന്‍ സ്വയം വിശേഷിപ്പിച്ച ഒരു വ്യക്തി തനിക്ക് സംഭവിച്ചതറിഞ്ഞ് താന്‍ സഭയിലേക്ക് തിരികെ വരികയാണെന്ന് തന്നെ വിളിച്ചറിയിച്ചതായും മാര്‍ച്ചില്‍ പങ്കെടുത്തവരോട് പറഞ്ഞു. തന്റെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം വീണ്ടും പ്രഖ്യാപനം നടത്തി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക