News - 2025
രാജസ്ഥാനിൽ സുവിശേഷപ്രഘോഷകനും സംഘത്തിനും നേരെ ആർഎസ്എസ് ആക്രമണം
സ്വന്തം ലേഖകന്‍ 23-08-2017 - Wednesday
ജയ്പ്പൂർ: രാജസ്ഥാനിൽ സുവിശേഷപ്രഘോഷണസംഘത്തിന് നേരെ തീവ്രഹൈന്ദവ സംഘടന പ്രവര്‍ത്തകരുടെ ആക്രമണം. ഹനുമാന്‍ഗാര്‍ഹ് ജില്ലയിലെ ദബ്ളി രത്തനിൽ സംഘടിപ്പിച്ച സുവിശേഷ പ്രഘോഷണത്തിനിടെയാണ് സംഭവം. ക്രൈസ്റ്റ് പവർ മിനിസ്ട്രി സൊസൈറ്റിയിലെ സുവിശേഷ പ്രവര്‍ത്തകനായ ഹർജോത് സേതിക്കും സംഘത്തിനും നേരെ രാഷ്ട്രീയ സ്വയം സേവക് സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.
സുവിശേഷ പ്രഘോഷണം ആരംഭിച്ച ഉടനെ ഹർജോതിനും സുവിശേഷക സംഘത്തിനു നേരെ വടിയും മാരകായുധങ്ങളുമായി തീവ്രഹൈന്ദവ സംഘടന ആക്രമണം നടത്തുകയായിരിന്നു. തലയ്ക്കും കാലിനും സാരമായ പരിക്കേറ്റ ഹർജോത് സേതിയെ നാട്ടുകാർ ചേർന്ന് സംരക്ഷണവലയം തീര്‍ത്താണ് രക്ഷപ്പെടുത്തിയത്. ഹർജോത്തിന്റെ ഭാര്യ അരവിന്ദോർജറ്റിനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യൻ അസോസിയേഷനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബി.ജെ.പി ഗവൺമെന്റ് അധികാരത്തിലേറിയതോടെ ഇന്ത്യയിലെ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ വർദ്ധിച്ചതായി സേതി പറഞ്ഞു. പോലീസിന്റെ നിസഹകരണത്തെ സാമൂഹിക മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടേയും സ്വാധീനത്തോടെയാണ് മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്യത്തിനു നേരെയുള്ള കടന്നുകയറ്റത്തെ തുറന്നു പറയാൻ ഹർജോത് കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കാൻ ക്രൈസ്തവരുടെ പിന്തുണയും പ്രാർത്ഥനയും വേണമെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യൻ അസോസിയേഷ ചെയർമാൻ ചൗധരി പറഞ്ഞു.
ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ക്ക് നേരെ ഭാരതത്തില്‍ ആക്രമങ്ങള്‍ വ്യാപിക്കുകയാണ്. പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിട്ടുകൊണ്ട് രാജ്യത്തെ ആറോളം സംസ്ഥാനങ്ങളില്‍ മതപരിവർത്തന നിരോധന ബില്‍ ഇതിനോടകം പാസാക്കിയിട്ടുണ്ട്. ഓപ്പൺ ഡോർസ് സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം ആഗോള ക്രൈസ്തവ മത മർദ്ധനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്.